ബാഗും കുടയുമെല്ലാം പുതിയത് വാങ്ങാതെ പഴയത് ഉപയോഗിച്ചാൽ 'എ പ്ലസ്' - 'റീയൂസ് ഹീറോസ്' ക്യാമ്പെയ്ൻ ജൂൺ രണ്ടു മുതൽ അഞ്ചു വരെ

 

സ്‌കൂൾ തുറക്കുമ്പോൾ പുതിയ ബാഗും കുടയും വേണമെന്ന ആവശ്യം എപ്പോഴും സാധാരണമാണ്. എന്നാൽ പുനരുപയോഗിക്കുന്നവരാണ് യഥാർഥ ഹീറോ എന്നരീതിയിൽ 'റീയൂസ് ഹീറോസ് റിയൽ ഹീറോസ് കാംപെയ്ൻ തുടങ്ങിയിരിക്കുകയാണ് ജില്ലാ ശുചിത്വമിഷനും വിദ്യാഭ്യാസവകുപ്പും .

പഴയ കുട, ചെരുപ്പ്, വാട്ടർബോട്ടിൽ, ചോറ്റുപാത്രം, ബാഗ് തുടങ്ങിയവയിലേതെങ്കിലും ഒന്നുമായി പുതിയ അധ്യയനവർഷം വിദ്യാലയങ്ങളിലെത്തുന്നവർക്ക് എ പ്ലസ് സാക്ഷ്യപത്രവും അല്ലാത്തവർക്ക് ബി പോസിറ്റീവ് സാക്ഷ്യപത്രവും നൽകും. ഇതിന് പ്രോത്സാഹനം നൽകുന്ന ക്ലാസ് അധ്യാപകർക്കും വിദ്യാലയങ്ങൾക്കും പ്രോത്സാഹന സാക്ഷ്യപത്രവുമുണ്ടാകും.പുതിയ കുപ്പായമോ കുടയോ ഒന്നുമില്ലാത്തത് നാണക്കേടല്ലെന്നും പുനരുപയോഗിക്കുന്നത് അഭിമാനമാണെന്നും കുഞ്ഞുമനസ്സുകളെ പഠിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഇതിന്റെ ഭാഗമാകാൻ ശുചിത്വമിഷിന്റെ ലിങ്കിൽ (https://suchitwamissionkozhikode.in/) പുനരുപയോഗിച്ചതിന്റെ ഫോട്ടോകൾ സഹിതം അപേക്ഷിക്കണം. ഒന്നുമുതൽ 10 വരെയുള്ള എല്ലാ കുട്ടികൾക്കും ഇതിന്റെ ഭാഗമാകാം. വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമെല്ലാം അപേക്ഷിക്കാം. ജൂൺ രണ്ടുമുതൽ അഞ്ചുവരെയാണ് പദ്ധതി. മികച്ച ചിത്രങ്ങളും വീഡിയോകളും തയ്യാറാക്കി അയക്കുന്ന 10 വീതം വിദ്യാർഥികൾക്കും സ്‌കൂളുകൾക്കും പ്രത്യേക പ്രോത്സാഹന സമ്മാനങ്ങളുമുണ്ടാകും.