ഏഴ് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം, ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ മിനി ലോറി ഉയർത്തി
Updated: Feb 20, 2026, 21:06 IST
ഏഴുമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ മലപ്പുറം ആതവനാട് ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ മിനിലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്തി. നേരത്തെ രണ്ടുതവണ മിനിലോറി ഉയർത്താൻ ശ്രമിച്ചെങ്കിലും ശ്രമം വിജയിച്ചിരുന്നില്ല.
അതേസമയം ലോറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന ക്ലീനർ മുസ്തഫയെ കണ്ടെത്താനായിട്ടില്ല. ലോറിയിലെ ഡ്രൈവറെ രക്ഷപ്പെടുത്തിയിരുന്നു. ഡ്രൈവറായ ജാഫറിനെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. സാധനങ്ങളുമായി പോയ മിനി ലോറി 60 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. പലചരക്കുമായി പോകുന്നതിനിടെയാണ് ലോറി ക്വാറിയിലേക്ക് വീണത്. അതുവഴി പോകുകയായിരുന്ന വിദ്യാർഥിയാണ് അപകടം ആദ്യം കണ്ടത്. പിന്നീട് വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. നാട്ടുകാരാണ് ഡ്രൈവറെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.