അഭിമന്യു വധക്കേസ്: നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

 

മഹാരാജാസ് കോളജ് വിദ്യാർഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകക്കേസിൽ നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി. വിചാരണക്കോടതിയായ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്.

അഭിമന്യുവിന്റെ അമ്മ ഭൂപതി നൽകിയ ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇനി കേസിൽ സമയപരിധി നീട്ടി നൽകില്ലെന്നും കോടതി വ്യക്തമാക്കി.2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളജിൽ വെച്ച് അഭിമന്യു കൊല്ലപ്പെട്ടത്. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയെന്നാണ് കേസ്.

കേസിൽ ആകെ 30 പ്രതികളാണുള്ളത്. ഇതിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തതായി കണ്ടെത്തിയ 16 പേർക്കെതിരെയാണ് 1500 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.വിചാരണ നീണ്ടുപോകുന്നതും പ്രധാന പ്രതികളെ പിടികൂടുന്നതിലെ കാലതാമസവും ഉൾപ്പെടെ നിരവധി ഘട്ടങ്ങളിൽ കേസ് വിവാദമായിരുന്നു. കോടതി കസ്റ്റഡിയിലിരിക്കെ കേസിലെ പ്രധാനപ്പെട്ട രേഖകൾ കാണാതായ സംഭവവും നേരത്തെ പുറത്തുവന്നിരുന്നു.