അഭിമന്യു വധക്കേസ്: വിചാരണ നിർത്തിവെക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി
എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ്.എഫ്.ഐ. നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് തിരിച്ചടി. കേസിന്റെ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിലെ 24, 25 പ്രതികളായ നജീബ്, ഷാനവാസ് എന്നിവരുടെ ഹർജിയാണ് കോടതി തള്ളിയത്.
കേസ് അടച്ചിട്ട മുറിയിൽ വിചാരണ ചെയ്യണമെന്നും രഹസ്യവിചാരണ വേണമെന്നും ആവശ്യപ്പെട്ട് പ്രതികൾ നൽകിയ മുൻ ഹർജികളും ഹൈക്കോടതിയും എറണാകുളം പ്രിൻസിപ്പൽ കോടതിയും തള്ളിയിരുന്നു. 2018 ജൂലൈ രണ്ടിന് പുലർച്ചെയാണ് ക്യാമ്പസിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഇടുക്കി വട്ടവട സ്വദേശിയായ അഭിമന്യു കുത്തേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മറ്റൊരു വിദ്യാർത്ഥിയായ അർജുനും പരിക്കേറ്റിരുന്നു. കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടയാണ് പ്രതികളുടെ പുതിയ ഹർജിയും കോടതി തള്ളിയിരിക്കുന്നത്.