പാങ്ങപ്പാറ അഭിറാം കൊലപാതകം: ഉമറിന്റെ പെൺസുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ

 

തിരുവനന്തപുരം പാങ്ങപ്പാറ അഭിറാം കൊലപാതകക്കേസിൽ മുഖ്യപ്രതി ഉമറിന്റെ പെൺസുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ. ചോദ്യംചെയ്യലിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകത്തിൽ ഗൂഢാലോചന നടത്തിയെന്നും തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നെന്നുമാണ് ഐശ്വര്യക്കെതിരായ കുറ്റം.

വ്യക്തമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൊലപാതകം നടക്കുന്ന സമയത്ത് ഉമർ വീട്ടിൽ തന്നെയുണ്ടായിരുന്നെന്ന് വരുത്തിത്തീർത്ത് അന്വേഷണത്തെ വഴിതെറ്റിക്കാനാണ് ഇരുവരും ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.

ഇതിനായി ഐശ്വര്യ ഉമറിനെ ഫോണിൽ വിളിക്കുകയും കൊലപാതകം നടക്കുന്ന സമയം മുഴുവൻ സംഭാഷണം തുടരുകയും ചെയ്തുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കൃത്യം നടക്കുമ്പോൾ ഉമർ വീട്ടിലുണ്ടായിരുന്നുവെന്ന് തെളിയിക്കാനുള്ള ശ്രമമായിരുന്നു ഇതെന്നും പൊലീസ് വ്യക്തമാക്കുന്നു.

കേസിലെ രണ്ടാം പ്രതിയാണ് ഉമർ. കാപ്പാ നിയമപ്രകാരം ശിക്ഷ അനുഭവിച്ചയാളാണ് ഇയാൾ. കേസിലെ ഒന്നാം പ്രതിയായ പതിനേഴുകാരൻ മോഷണക്കേസിലും പ്രതിയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.