ശ്രീകാര്യത്തെ അഭിറാമിന്റെ കൊലപാതകം; കസ്റ്റഡിയിലുള്ള പതിനേഴുകാരന്‍ കുറ്റം സമ്മതിച്ചു, ഗൂഢാലോചനയിൽ പെൺകുട്ടിയുടെ പങ്കും അന്വേഷിക്കും

 

തിരുവനന്തപുരം ശ്രീകാര്യത്തിന് സമീപം പാങ്ങപ്പാറയിൽ വിദ്യാർത്ഥിയായ അഭിറാം കൊല്ലപ്പെട്ട കേസിൽ പിടിയിലായ പതിനേഴുകാരൻ കുറ്റം സമ്മതിച്ചു. അഭിറാമിനെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച അഭിറാമിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷമാണ് കൊലപാതകം നടത്തിയത്. താന്‍ ഒറ്റയ്ക്കാണ് കൃത്യം നടത്തിയത് എന്ന് പ്രതിയായ 17 കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതകം നടത്തിയ ശേഷം കാപ്പാ കേസ് പ്രതി കൂടിയായ ഉമറിനെ വിളിച്ചുവരുത്തുകയായിരുന്നുവെന്നും 17കാരൻ പറയുന്നു.

അതേസമയം, പോലീസിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായെന്നാരോപിച്ച് കുടുംബം രംഗത്തെത്തി. തിങ്കളാഴ്ച തന്നെ അഭിറാമിനെ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകിയിട്ടും പോലീസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. സമയബന്ധിതമായി അന്വേഷണം നടന്നിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്നാണ് കുടുംബത്തിന്റെ നിലപാട്. കേസിൽ കസ്റ്റഡിയിലുള്ള പെൺകുട്ടിയുടെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പരുത്തിപ്പാറ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ അഭിറാമിനെയല്ല യഥാർത്ഥത്തിൽ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നതെന്നും, മറ്റൊരു കുട്ടിയെ അഭിറാം വഴി സ്ഥലത്തേക്ക് വരുത്താനാണ് ശ്രമിച്ചതെന്നും തെളിവെടുപ്പിനിടെ പ്രതി വെളിപ്പെടുത്തി. ഇതിനിടയിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് മുഖ്യപ്രതിയുടെ മൊഴി. നിലവിൽ മൂന്ന് പേരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്.

കൊല്ലപ്പെട്ട അഭിറാമിന്റെ സുഹൃത്തായ പ്രായപൂർത്തിയാകാത്ത കുട്ടിയാണ് കേസിൽ പ്രധാന പ്രതി. സംഭവസ്ഥലത്ത് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. ഇൻക്വസ്റ്റ്, ഫോറൻസിക് പരിശോധനകൾക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കേസിൽ ഉൾപ്പെട്ടിരിക്കുന്ന പെൺകുട്ടിക്ക് കൊലപാതകത്തെക്കുറിച്ച് കൃത്യമായ വിവരമുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ സംശയം. പ്രായപൂർത്തിയായ ഈ പെൺകുട്ടിയെ പ്രതിചേർക്കാനുള്ള സാധ്യതയുമുണ്ട്. കസ്റ്റഡിയിലുള്ള മറ്റൊരു പ്രതിയായ ഉമറിനെതിരെ കഴക്കൂട്ടം, ശ്രീകാര്യം സ്റ്റേഷനുകളിൽ മോഷണം, ലഹരികടത്ത്, അടിപിടി തുടങ്ങിയ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പ്രണയബന്ധവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് ശ്രീകാര്യത്തെ നടുക്കിയ ക്രൂര കൊലപാതക വിവരം പുറത്തുവന്നത്. സംഗീത നഗർ സ്വദേശിയായ അഭിറാമിനെ ഞായറാഴ്ച വൈകുന്നേരം മുതൽ കാണാതാവുകയായിരുന്നു. തുടർന്ന് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തെരച്ചിലിനൊടുവിലാണ് ചാക്കിൽ കെട്ടി വഴിയോരത്ത് ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.