അഭിറാമിന്റെ കൊലപാതകം; ഒരാൾ കൂടി കസ്റ്റഡിയിൽ, പെൺകുട്ടിക്കും പങ്കുണ്ടെന്ന് സംശയം

 

തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറയിൽ 17-കാരനായ അഭിറാം കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിൽ ഇയാൾക്കും നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്റെ സംശയം. സംഭവസമയത്ത് ഉമറും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതോടെ കേസിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലായി.

കൊല്ലപ്പെട്ട അഭിറാമിനെ ലക്ഷ്യമിട്ടായിരുന്നില്ല കൊലപാതകമെന്നും മറ്റൊരു കുട്ടിയെ അഭിറാം വഴി വിളിച്ചുവരുത്താനായിരുന്നു പദ്ധതിയെന്നുമാണ് കേസിലെ പ്രധാന പ്രതിയായ 17-കാരൻ വെളിപ്പെടുത്തിയത്. ഇതിനിടെ അഭിറാമുമായി വാക്കുതർക്കമുണ്ടാകുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. അഭിറാമിന്റെ സുഹൃത്തായ 17-കാരനാണ് കേസിലെ പ്രധാന പ്രതി. സംഭവത്തിൽ ഉൾപ്പെട്ട പെൺകുട്ടിക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

പ്രതിയെ ഇന്നലെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികളും ഫോറൻസിക് പരിശോധനകളും പൂർത്തിയായി. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മറ്റൊരു പ്രതിയായ ഉമർ കാപ്പ കേസ് പ്രതിയാണ്. കഴക്കൂട്ടം, ശ്രീകാര്യം പൊലീസ് സ്റ്റേഷനുകളിൽ മോഷണം, ലഹരിക്കടത്ത്, അടിപിടി തുടങ്ങിയ കേസുകളും ഇയാൾക്കെതിരെയുണ്ട്. പ്രണയവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾക്കിടയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.