വീണാ ജോർജ് ആസ്തിവികസന ഫണ്ട് വിനിയോഗിച്ചില്ലെന്ന ആരോപണം ആവർത്തിച്ച് അബിൻ വർക്കി
ആറന്മുള മുൻ എംഎൽഎയും മന്ത്രിയുമായ വീണാ ജോർജ് ആസ്തിവികസന ഫണ്ട് വിനിയോഗിച്ചിട്ടില്ലെന്ന ആരോപണം ആവർത്തിച്ച് മണ്ഡലത്തിലെ നിലവിലെ എംഎൽഎ അബിൻ വർക്കി. ആരോപണങ്ങളിൽ ആക്ഷേപമുണ്ടെങ്കിൽ വീണ നിയമനടപടി സ്വീകരിക്കണമെന്നും അബിൻ ആവശ്യപ്പെട്ടു.
'ഒരുകൊല്ലം ഒരു എംഎൽഎ ഒരു പ്രവൃത്തിപോലും പ്രൊപ്പോസ് ചെയ്തിട്ടില്ല. 2021-22ൽ അനുവദിച്ച തുക ഒരു കോടി. പ്രൊപ്പോസൽ-0, ഭരണാനുമതി-0, ചെലവഴിച്ച തുക-0. എസ്ഡിഎഫിൽ 2022-23ൽ അനുവദിച്ച തുക-ഒരു കോടി, പ്രൊപ്പോസൽ-0, ഭരണാനുമതി-0, ചെലവഴിച്ച തുക-0. നമ്മൾ ആരോട് ഇതിന് ഉത്തരം പറയും’, വാർത്താസമ്മേളനത്തിൽ അബിൻ വർക്കി ആരാഞ്ഞു.
വീണാ ജോർജ് മന്ത്രിയായിരുന്ന 2021 മുതൽ 2026 വരെയുള്ള കാലയളവിൽ ആറന്മുള മണ്ഡലത്തിനായി 21 കോടി രൂപ അനുവദിച്ചിട്ടും പദ്ധതികൾ സമർപ്പിക്കുകയോ തുക ചെലവഴിക്കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു അബിന്റെ നേരത്തെയുള്ള ആരോപണം. വീണ മറുപടി നൽകിയാൽ ആവശ്യമായ രേഖകൾ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ ഇന്നലെ ഫെയ്സ്ബുക്കിലൂടെ വീണാ ജോർജ് മറുപടി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ ഉയർത്തിക്കാട്ടി അബിൻ ഇന്ന് വീണ്ടും ആരോപണം ഉന്നയിച്ചത്.
പ്രവൃത്തി പൂർത്തിയാക്കി കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകുകയും ബിൽ പാസാകുകയും ചെയ്താൽ മാത്രമേ ആസ്തിവികസന ഫണ്ട് വിനിയോഗിച്ചതായി കണക്കാക്കാനാകൂവെന്ന് അബിൻ വിശദീകരിച്ചു. എംഎൽഎ ഓഫീസുമായി ബന്ധപ്പെട്ട ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും അലംഭാവവും ഇതിന് കാരണമായിട്ടുണ്ടാകാമെന്നും അദ്ദേഹം ആരോപിച്ചു.
വീണാ ജോർജ് ഫെയ്സ്ബുക്ക് കുറിപ്പിൽ പരാമർശിച്ച ചില പദ്ധതികൾക്ക് 2021ന് മുമ്പുള്ള സാമ്പത്തിക വർഷങ്ങളിലാണ് ഭരണാനുമതി ലഭിച്ചതെന്നും അബിൻ ചൂണ്ടിക്കാട്ടി. ടാറിങ് പൂർത്തിയാക്കിയെന്ന് അവകാശപ്പെടുന്ന ചില റോഡുകളിൽ പോലും ടാർ ചെയ്തിട്ടില്ലെന്നാണ് തന്റെ ആരോപണമെന്നും അദ്ദേഹം പറഞ്ഞു.