അബ്‌കാരി കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവിന് മുൻകൂർ ജാമ്യമില്ല; അപേക്ഷ തള്ളി കോടതി
അനധികൃത മദ്യശേഖരം കണ്ടെത്തിയ അബ്‌കാരി കേസിൽ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനി എം.ഡി ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് ലില്ലി ജോസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കൽപ്പറ്റ സെഷൻസ് കോടതി തള്ളി. എക്‌സൈസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകുമെന്ന വിവരത്തെ തുടർന്നാണ് ലില്ലി ജോസ് കോടതിയെ സമീപിച്ചത്. ലില്ലിയെ കേസിൽ ഇതുവരെ പ്രതി ചേർത്തിട്ടില്ലെന്ന് എക്‌സൈസ് കോടതിയെ അറിയിച്ചു. കേസിൽ പ്രതി ചേർക്കുകയാണെങ്കിൽ മുൻകൂട്ടി നോട്ടീസ് നൽകിയ ശേഷമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാവൂ എന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു.
വയനാട് വാഴവറ്റയിലെ തറവാട്ട് വീട്ടിൽ നടത്തിയ എക്സൈസ് പരിശോധനയിൽ 43 ലിറ്റർ വിദേശനിർമിത മദ്യവും വ്യാജ മദ്യവുമാണ് കണ്ടെത്തിയത്. തുടര്‍ന്ന് അറസ്റ്റിലായ ആന്റോ അഗസ്റ്റിന് പിന്നീട് ജാമ്യം ലഭിച്ചിരുന്നു. ജപ്തിയിലായ ഈ വീട് ലേലത്തിൽ പിടിച്ചത് ഭാര്യാമാതാവാണെന്നും, കോടതി അറ്റാച്ച്‌മെന്റ് നടപടികളുടെ ഭാഗമായി നിൽക്കുന്ന വസ്തുവായതിനാൽ തന്റെ പേരിൽ കേസെടുക്കാനാകില്ലെന്നുമായിരുന്നു ആന്റോയുടെ വാദം. എന്നാൽ വോട്ടർ പട്ടിക, കെ.എസ്.ഇ.ബി ബില്ല്, വില്ലേജ് രേഖകൾ എന്നിവ ഹാജരാക്കി വീട് ആന്റോയുടെ കൈവശം തന്നെയാണെന്ന് എക്‌സൈസ് അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കുകയായിരുന്നു.