മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപം; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

 

മുഖ്യമന്ത്രി വി ഡി സതീശനെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പടിഞ്ഞാറ്റിൻകരമുറി സ്വദേശി ബിജുവിനെയാണ് എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തത്.

'ബിജു കാടാംകുളം' എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴി പൊതുപ്രവർത്തകരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്ററുകൾ നിർമ്മിച്ച് പ്രചരിപ്പിച്ചതിനാണ് നടപടി. കൊട്ടാരക്കര സ്വദേശിയായ അഭിഭാഷകൻ നൽകിയ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. കേസ് രജിസ്റ്റർ ചെയ്തതോടെ ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോയ പ്രതിയെ ബുധനാഴ്ച രാവിലെ എഴുകോൺ എസ്.ഐ ദീപു പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു.

പ്രതിയുടെ പക്കൽനിന്ന് ഫെയ്‌സ്ബുക്ക് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ ഉപകരണങ്ങൾ കണ്ടെത്താൻ പ്രതിയുടെ സ്വന്തം വീട്ടിലും വാടകവീട്ടിലും പോലീസ് പരിശോധന നടത്തി. പിടിച്ചെടുത്ത ഫോൺ കോടതി മുഖേന ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നും പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും കൊട്ടാരക്കര ഡിവൈ.എസ്.പി എസ്. ഷെരീഫ് അറിയിച്ചു.