"ആക്സിലേറ്ററിൽ കാൽ അമർന്നു പോയതാണ്"; വിദ്യാർഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ മൊഴി

 
മന:പൂർവമല്ല, ആക്സിലേറ്ററിൽ കാൽ അമർന്നു പോയതാണെന്ന് പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പൂവച്ചൽ ഭൂമികയിൽ പ്രിയരഞ്ജന്റെ മൊഴി. തെറ്റ് പറ്റിപ്പോയെന്നും, കുട്ടിയോട് മുൻവൈരാഗ്യം ഉണ്ടായിരുന്നില്ലെന്നും പ്രതി പോലീസിനോട് പറഞ്ഞു. തെളിവെടുപ്പിനു കൊണ്ടു പോയപ്പോഴും ചോദ്യം ചെയ്യലിലും ഇതു മാത്രമാണ് പ്രിയരഞ്ജൻ ആവർത്തിച്ചത്. പൂവച്ചൽ ‘അരുണോദയത്തിൽ’ ആദിശങ്കർ എന്ന പതിനഞ്ചു വയസ്സുക്കാരനെയാണ് ഇയാൾ കൊലപ്പെടുത്തിയത്.
ശാസ്ത്രീയ തെളിവുകളുടെ സഹായത്തോടെ അന്വേഷണം തുടരും. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം കൂടുതൽ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തും. തിങ്കളാഴ്ച തമിഴ്നാട്ടിലെ കുഴിത്തുറയിൽ വച്ചാണ് പ്രിയരഞ്ജനെ പോലീസ് അറസ്റ്റ് ചെയ്തത്. അപകടം നടന്ന പുളിങ്കോട് ക്ഷേത്രത്തിനു മുന്നിലും, നാലാഞ്ചിറയിൽ വാടകയ്ക്കു താമസിക്കുന്ന വീട്ടിലും പ്രിയരഞ്ജനെ കൊണ്ടുപോയി തെളിവെടുത്തു. നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് ക്ഷേത്രത്തിനു മുന്നിലെ തെളിവെടുപ്പ് പോലീസ് മൂന്ന് മിനിറ്റിനകം പൂർത്തിയാക്കി. വിവരമറിഞ്ഞ് കൂടുതൽ ആളുകൾ സ്ഥലത്തേക്ക് എത്തുന്നതിനിടെ മറ്റൊരു വഴിയിലൂടെയാണ് പ്രതിയെ പൊലീസ് തിരികെ കൊണ്ടു പോയത്.
ഓഗസ്റ്റ് 30ന് വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മുൻ വൈരാഗ്യമാണു കൊലയ്ക്കു പിന്നിലെന്ന് ബന്ധുക്കൾ മൊഴി നൽകിയതോടെ പ്രിയരഞ്ജന് എതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. സിസിടിവി ദൃശ്യങ്ങളും സാഹചര്യ തെളിവുകളും കുട്ടിയുടെ ബന്ധുക്കളുടെ മൊഴികളും വിലയിരുത്തിയ ശേഷമാണ് കൊലപാതകത്തിന് കേസെടുത്തതെന്ന് എന്ന് കാട്ടാക്കട ഡിവൈഎസ്പി: എൻ.ഷിബു പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.