നടൻ ദേവൻ ബി.ജെ.പി വിട്ടു; സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവെച്ചു

 

നടൻ ദേവൻ ബി.ജെ.പി വിട്ടു. പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും അദ്ദേഹം രാജിവെച്ചു. കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ നടന്ന പൊതുപരിപാടിയിലാണ് അദ്ദേഹം പാർട്ടി വിടുന്ന കാര്യം പരസ്യമായി പ്രഖ്യാപിച്ചത്. രാജിക്കത്ത് ഉടൻ തന്നെ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയിൽ നിന്ന് ചില അസ്വാരസ്യങ്ങളും പ്രശ്നങ്ങളും നേരിടേണ്ടി വന്നതായി ദേവൻ പ്രഖ്യാപനത്തിനിടെ സൂചിപ്പിച്ചു. 2004-ൽ 'നവകേരള പീപ്പിൾസ് പാർട്ടി' രൂപീകരിച്ചുകൊണ്ട് രാഷ്ട്രീയരംഗത്തേക്ക് എത്തിയ അദ്ദേഹം വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.

പിന്നീട് കേന്ദ്രമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സ്വന്തം പാർട്ടിയെ ബി.ജെ.പിയിൽ ലയിപ്പിച്ചത്. തുടർന്ന് പാർട്ടിയിൽ സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു.