നടൻ പ്രേംനസീറിന്റെ മകൾ ലൈല ബീഗം അന്തരിച്ചു
Oct 8, 2026, 10:34 IST
അനശ്വര ചലച്ചിത്ര നടൻ പ്രേംനസീറിന്റെ മകൾ ലൈല ബീഗം (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകിട്ട് 7.30-നായിരുന്നു അന്ത്യം. അരനൂറ്റാണ്ടിലേറെയായി കോഴിക്കോട് പറയഞ്ചേരിയിലെ വസതിയിലായിരുന്നു സ്ഥിരതാമസം. പരേതനായ ഇ.എ. റഷീദ് (റിട്ട. സൂപ്രണ്ടിങ് എൻജിനീയർ, PWD) ആണ് ഭർത്താവ്.
സജിത് ഖാൻ (ആർകിടെക്ട്, ഓസ്ട്രേലിയ), സോജ (കോയമ്പത്തൂർ) എന്നിവരാണ് മക്കൾ. വാക്കറൂ മാനേജിങ് ഡയറക്ടർ വി. നൗഷാദ്, നസ്രീൻ എന്നിവർ മരുമക്കളാണ്. കോഴിക്കോട്ടെ വസതിയിൽ പൊതുദർശനത്തിന് വെച്ച ഭൗതികശരീരം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. കബറടക്കം വ്യാഴാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരം മംഗലപുരം കൊറക്കോട് ജുമാ മസ്ജിദിൽ നടക്കും.