പ്രാണിയുടെ കടിയേറ്റ് നടൻ രാജേഷ് ശർമ്മ ഐ.സി.യുവിൽ; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് AICWA

 

പ്രഭാസ് ചിത്രം 'ഫൗജി'യുടെ ഷൂട്ടിങ്ങിനിടെ പ്രശസ്ത നടൻ രാജേഷ് ശർമ്മയ്ക്ക് പ്രാണിയുടെ കടിയേറ്റ് ആരോഗ്യനില ഗുരുതരമായി. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ വെച്ചാണ് സംഭവം. നിലവിൽ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) കഴിയുന്ന അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ സുതാര്യമായ അന്വേഷണം നടത്തണമെന്ന് ഓൾ ഇന്ത്യൻ സിനി വർക്കേഴ്‌സ് അസോസിയേഷൻ (AICWA) തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോടും ആവശ്യപ്പെട്ടു.

ഷൂട്ടിങ് സെറ്റിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് പ്രസ്താവനയിൽ കടുത്ത ചോദ്യങ്ങളാണ് സംഘടന ഉന്നയിക്കുന്നത്. നടന്റെ നില ഇത്രയും ഗുരുതരമായിട്ടും എന്തുകൊണ്ട് പ്രൊഡക്ഷൻ ഹൗസ് അദ്ദേഹത്തെ ഹൈദരാബാദിലെ മികച്ച ആശുപത്രികളിൽ പ്രവേശിപ്പിച്ചില്ലെന്നും, സെറ്റിൽ അടിയന്തര വൈദ്യസഹായം ലഭ്യമായിരുന്നോ എന്നും സംഘടന ചോദിക്കുന്നു. കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും രാജേഷ് ശർമ്മയുടെ മുഴുവൻ ചികിത്സാ ചെലവും പ്രൊഡക്ഷൻ ഹൗസ് ഏറ്റെടുക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

ഷൂട്ടിങ് പൂർത്തിയായ ശേഷം കാടുപിടിച്ച ഭാഗത്ത് നിൽക്കവെയാണ് രാജേഷ് ശർമ്മയ്ക്ക് പ്രാണിയുടെ കടിയേൽക്കുന്നത്. കടിയേറ്റ് ആറ് മണിക്കൂറുകൾക്ക് ശേഷമാണ് ശ്വാസതടസ്സവും കടിയേറ്റ വലതുകാലിൽ കടുത്ത വേദനയും വീക്കവും അനുഭവപ്പെട്ടു തുടങ്ങിയത്. നിലവിൽ കാലിലെ അണുബാധ മുട്ട് വരെ പടർന്നിട്ടുണ്ട്. വിഷമുള്ള ഏതോ തരം ചിലന്തിയാകാം കടിച്ചതെന്നാണ് പ്രാഥമിക നിഗമനം.