നടൻ സലിം കുമാറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പ്രശസ്ത ചലച്ചിത്ര നടനും ദേശീയ പുരസ്കാര ജേതാവുമായ സലിം കുമാറിനെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചത്.
കഴിഞ്ഞ കുറച്ചുകാലങ്ങളായി വിവിധ ആരോഗ്യപ്രശ്നങ്ങളാൽ അദ്ദേഹം വിദഗ്ദ്ധ ചികിത്സയിലായിരുന്നു. മുൻപ് കരൾ രോഗബാധയെ തുടർന്ന് അദ്ദേഹം കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട്. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ പ്രത്യേക സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. നിലവിലെ ശാരീരിക ബുദ്ധിമുട്ടുകളുടെ കൂടുതൽ വിവരങ്ങൾ കുടുംബാംഗങ്ങളോ ആശുപത്രി അധികൃതരോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ പൊതുപരിപാടികളിലും വി.ഡി. സതീശന് പറവൂരിൽ ഒരുക്കിയ സ്വീകരണ ചടങ്ങിലും സലിം കുമാർ സജീവമായി പങ്കെടുത്തിരുന്നു. എങ്കിലും ആ സമയങ്ങളിൽ ശാരീരികമായ അസ്വസ്ഥതകളും നടക്കാനുള്ള ബുദ്ധിമുട്ടുകളും അദ്ദേഹത്തിനുണ്ടായിരുന്നു.