തിരുവനന്തപുരത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായി നടൻ സുധീർ കരമന
നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ചലച്ചിത്ര താരം സുധീർ കരമന എൽഡിഎഫ് സ്ഥാനാർത്ഥിയാകും. ഇടതുസ്വതന്ത്രനായിട്ടാണ് അദ്ദേഹം ജനവിധി തേടുക. സ്ഥാനാർത്ഥി പ്രഖ്യാപനം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകുമെന്നാണ് വിവരം. ഇതോടെ മണ്ഡലത്തിലെ പ്രധാന മുന്നണികളുടെ സ്ഥാനാർത്ഥി ചിത്രം പൂർണ്ണമായിരിക്കുകയാണ്.
അന്തരിച്ച പ്രശസ്ത നടൻ കരമന ജനാർദ്ദനൻ നായരുടെയും ജയ ജെ. നായരുടെയും മകനായ സുധീർ കരമന, നിലവിൽ വെങ്ങാനൂർ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലാണ്. തിരുവനന്തപുരം സ്വദേശിയായ അദ്ദേഹത്തിന്റെ ജനപ്രീതി വോട്ടായി മാറുമെന്നാണ് എൽഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ.
യുഡിഎഫ് സ്ഥാനാർത്ഥിയായി സിഎംപി നേതാവ് സി.പി. ജോണും, എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയനും രംഗത്തുണ്ട്. മൂന്ന് പ്രമുഖർ ഏറ്റുമുട്ടുന്നതോടെ തിരുവനന്തപുരത്ത് ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.