കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പാലാരിവട്ടം SHOയ്ക്കുമെതിരെ നടി അന്‍സിബ കോടതിയിൽ

 

നടി ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ നടപടി വൈകുന്നതായി ആരോപിച്ച് നടി അൻസിബ ഹസ്സൻ കോടതിയെ സമീപിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും പാലാരിവട്ടം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയ്ക്കുമെതിരെയാണ് അൻസിബ എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം നൽകിയത്.

സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി നടി ലക്ഷ്മിപ്രിയക്കെതിരെ പാലാരിവട്ടം പൊലീസിന് പരാതി നല്‍കിയിട്ടും കമ്മീഷണര്‍ ഇടപ്പെട്ടില്ലെന്നാണ് നടി ആരോപിക്കുന്നത്.

പാലാരിവട്ടം എസ്.എച്ച്.ഒ അനൂപിനെതിരെയും നടപടി വേണമെന്ന് അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്. താന്‍ നല്‍കിയ മൊഴി പൊലീസ് റിപ്പോര്‍ട്ടില്‍ തിരുത്തി എന്നും ആക്ഷേപമുണ്ട്.

ലക്ഷ്മിപ്രിയയ്ക്കും കാൻ മീഡിയ ചാനലിനുമെതിരെ ജൂൺ 26നാണ് അൻസിബ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. യൂട്യൂബ് ചാനലിലൂടെ അപകീർത്തികരവും അശ്ലീലവും വ്യാജവുമായ പ്രചാരണങ്ങൾ നടത്തിയെന്നായിരുന്നു പരാതി.

എന്നാൽ വീഡിയോ വിശദമായി പരിശോധിച്ചതിൽ ഡിഫമേഷന്‍ വകുപ്പ് [356 BNS] പ്രകാരമുള്ള കുറ്റം മാത്രമേ നിലനില്‍ക്കുന്നുള്ളൂവെന്നും മറ്റ് ഒഫന്‍സുകള്‍ ഒന്നും നടന്നിട്ടില്ല എന്നും പൊലീസ് പറഞ്ഞിരുന്നു.