അമ്മ' അഡ്‌ഹോക് കമ്മിറ്റിയിൽ നിന്നും നടി ആശാ അരവിന്ദ് രാജിവെച്ചു

 

താരസംഘടനയായ 'അമ്മ'യിൽ വീണ്ടും രാജി. അമ്മയുടെ അഡ്‌ഹോക്ക് കമ്മിറ്റിയിൽ നിന്നും നടി ആശ അരവിന്ദ് രാജി വച്ചു.വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് അവർ രാജി വെക്കുന്നതായി അറിയിച്ചത്. അമ്മയുടെ കഴിഞ്ഞ ഭരണസമിതിയിലും ആശ അരവിന്ദ് അംഗമായിരുന്നു.കഴിഞ്ഞദിവസം ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നടങ്കം രാജിവച്ചതിന് പിന്നാലെയാണ് സംഘടനയെ നയിക്കാനായി അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചത്. മുൻഭരണസമിതി രാജിവെച്ചതിനെ തുടർന്ന് രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റിയിൽ എങ്ങനെ ആശാ അരവിന്ദിന് അംഗമാകാൻ കഴിയുമെന്ന ചോദ്യം ഇന്നലെ തന്നെ ഉയർന്നിരുന്നു. ഇത് വലിയ ചർച്ചയായതോടെയാണ് ആശാ അരവിന്ദ് താൻ രാജിവെക്കുകയാണെന്ന് അറിയിച്ചത്. അതേസമയം സംഘടനയിൽ പ്രാഥമികാംഗത്വത്തിൽ തുടരുമെന്നും അവർ വ്യക്തമാക്കി.

17 പേർ ഇല്ലാത്ത ഓഫീസിലേക്ക് കടന്നുചെല്ലാൻ തനിക്ക് ബുദ്ധിമുട്ടാണെന്നാണ് രാജിയെ കുറിച്ച് ആശാ അരവിന്ദ് നൽകിയ വിശദീകരണം. കൂടാതെ ഇപ്പോഴത്തെ ചുമതല വഹിക്കാൻ മാനസികമായി തയ്യാറെടുത്തില്ലെന്നും അവർ വ്യക്തമാക്കി. എക്സിക്യൂട്ടീവ് അംഗങ്ങളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് താൻ രാജി വെക്കുകയാണെന്ന് ആശാ അരവിന്ദ് അറിയിച്ചത്. ഒപ്പം ഇമെയിലായും അവർ രാജിക്കത്ത് അയച്ചു.അംഗങ്ങൾക്ക് മരുന്നുകൾ സൗജന്യമായി നൽകുന്ന 'അമ്മ'യുടെ പദ്ധതിയായ 'സഞ്ജീവനി'യുടെ ചുമതല ആശാ അരവിന്ദിനാണ്. അതുകൊണ്ടാണ് ആശയെ അഡ്‌ഹോക് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത്.സഞ്ജീവനി പദ്ധതികളുടെ കണക്കുകളും കൃത്യമായി നൽകുമെന്നും അഡ്‌ഹോക് കമ്മിറ്റിയിലേക്ക് ഇല്ലെന്നും നടി വ്യക്തമാക്കി.