നടിയെ ആക്രമിച്ച കേസ്; വിചാരണ ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക നൽകിയ കോടതിയലക്ഷ്യ ഹർജി തള്ളി
നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി നൽകിയ ഹർജി ഹൈക്കോടതി തള്ളി. വിചാരണയ്ക്കിടെ തന്നെ കോടതി അപമാനിച്ചുവെന്നാരോപിച്ചായിരുന്നു ടി.ബി. മിനി കോടതിയെ സമീപിച്ചത്.
കേസ് പരിഗണിക്കുമ്പോൾ താൻ കോടതിയിലിരുന്ന് ഉറങ്ങുകയായിരുന്നുവെന്നും പത്ത് ദിവസത്തിൽ താഴെ മാത്രമാണ് കോടതിയിൽ ഹാജരായതെന്നുമുള്ള ജഡ്ജിയുടെ പരാമർശങ്ങൾ അപകീർത്തികരമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2026 ജനുവരി 12-ന് ജഡ്ജി നടത്തിയ ഈ പരാമർശങ്ങൾ തന്റെ തൊഴിൽപരമായ അന്തസ്സിന് കളങ്കമുണ്ടാക്കിയെന്നും ഇതിന്റെ പേരിൽ തനിക്കെതിരെ വ്യാപകമായ സൈബർ പ്രചാരണങ്ങൾ ഉണ്ടായെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിൽ ജഡ്ജിക്കെതിരെ കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസെടുക്കണമെന്നായിരുന്നു ടി.ബി. മിനിയുടെ പ്രധാന ആവശ്യം. നേരത്തെ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യുന്നതിന് അനുമതി തേടി ടി.ബി. മിനി അഡ്വക്കറ്റ് ജനറലിനെ (എജി) സമീപിച്ചിരുന്നെങ്കിലും ആ അപേക്ഷ എജി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വമേധയാ കേസെടുക്കണമെന്ന ആവശ്യവുമായി അവർ ഹൈക്കോടതിയെ സമീപിച്ചത്.