നടിയെ ആക്രമിച്ച കേസ്; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി പരിഗണിക്കും

 

നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി 2 ആഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. പൾസർ സുനി ഉൾപ്പെടെയുള്ള 6 പ്രതികൾ സമർപ്പിച്ച അപ്പീലിലാണ് കോടതി നടപടി.കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാനാണ് ഹൈക്കോടതി തീരുമാനിച്ചിരിക്കുന്നത്.കേസിൽ വാദം നടത്താൻ സാവകാശം വേണമെന്ന പ്രോസിക്യൂട്ടറുടെ ആവശ്യത്തെ തുടർന്നാണ് കേസ് മാറ്റിയത്

അതേസമയം, അതിജീവിത സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. കേസിലെ പ്രധാന തെളിവുകളായ മെമ്മറി കാർഡും പെൻഡ്രൈവും നേരിട്ട് കോടതിയിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ഇവ മുദ്രവച്ച കവറിൽ ഒരു മാസത്തിനകം സമർപ്പിക്കാനാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് നിർദേശം നൽകിയിരിക്കുന്നത്.അതിജീവിത ഉന്നയിച്ച വാദങ്ങളെല്ലാം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ നിരീക്ഷണം. ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ സിംഗില്‍ ബെഞ്ചാണ് അതിജീവിതയുടെ ഹര്‍ജി പരിഗണിച്ചത്. നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് വിചാരണക്കോടതിയുടെ അടക്കം കസ്റ്റഡിയിലിരിക്കെ മൂന്നു തവണ നിയമവിരുദ്ധമായി പരിശോധിക്കപ്പെട്ടുവെന്നായിരുന്നു അതിജീവിതയുടെ ആക്ഷേപം.മെമ്മറി കാർഡ് ചോർച്ചയുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ തൃപ്തികരമല്ലെന്ന നിലപാടിലാണ് അതിജീവിത. നീതിപൂർവമായ വിചാരണ ഉറപ്പാക്കാൻ കോടതിയുടെ മേൽനോട്ടത്തിൽ പുതിയ അന്വേഷണം വേണമെന്നാണ് ഹർജിയിലൂടെ അതിജീവിത ആവശ്യപ്പെടുന്നത്.