നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

 

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ഹര്‍ജി ഹൈക്കോടതി ഇടക്കാല ഉത്തരവിനായി മാറ്റി.വിചാരണക്കോടതി വിധിയെ തുടര്‍ന്ന് ശിക്ഷ ഭൂരിഭാഗവും അനുഭവിച്ച സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷന്‍ കോടതിയെ അറിയിച്ചു. എട്ടരവര്‍ഷം ജയിലില്‍ കിടന്നതായും സുനിക്ക് ജാമ്യം നല്‍കിയാല്‍ സര്‍ക്കാരിന്റെ അപ്പീല്‍ കേള്‍ക്കുന്നതിന് തടസമാകില്ലെന്നും പള്‍സറിന്റെ അഭിഭാഷകന്‍ അറിയിച്ചു. 

എന്നാൽ നടന്നത് ഹീനമായ കുറ്റകൃത്യമെന്ന് നടി ഹൈക്കോടതിയിൽ പറഞ്ഞു. ഒന്നാം പ്രതി കൊടും ക്രിമിനലാണ്. തുടർച്ചയായി ജാമ്യാപേക്ഷ നൽകിയതിന് പ്രതിക്ക് കോടതി പിഴയിട്ടിട്ടുണ്ട്. സുപ്രീം കോടതി ജാമ്യം നൽകി ഇറങ്ങി ഒരുമാസമാകും മുൻപ് പ്രതി വീണ്ടും മറ്റൊരു കേസിൽ പ്രതിയായി. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും നടി വാദിച്ചു. ഇരു കൂട്ടരുടേയും വാദം കേട്ട കോടതി ഉത്തരവിനായി മാറ്റുകയായിരുന്നു.

കേസിൽ 20 വർഷം കഠിനതടവാണ് പൾസർ സുനി അടക്കമുള്ള ആറ് പ്രതികൾക്ക് വിചാരണ കോടതി വിധിച്ചിരുന്നത്. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.