എഡിജിപി എം.ആർ. അജിത് കുമാറിൻറെ സസ്‌പെൻഷൻ ഉത്തരവിറങ്ങി

 

സംസ്ഥാനത്തെ ഏറെ വിവാദമായ 'രക്ഷാപ്രവർത്തനം' കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ അധികാര ദുർവിനിയോഗം നടത്തുകയും അന്വേഷണ ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കിയെന്നും എഡിജിപി എം.ആർ അജിത്കുമാറിനെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിൽ പറയുന്നു. കേസ് നടപടികൾ അവസാനിപ്പിക്കുന്ന രീതിയിൽ 'റഫർ റിപ്പോർട്ട്' (Refer Report) നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. കേസിലെ പ്രതികളെ നിയമനടപടികളിൽ നിന്ന് രക്ഷിക്കാൻ അജിത് കുമാർ തന്റെ അധികാരം ദുരുപയോഗം നടത്തിയെന്നാണ് പ്രധാന കണ്ടെത്തൽ.

അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഇൻസ്‌പെക്ടർ കെ.പി. ടോംസൺ, ഡിവൈഎസ്പിമാരായ അരുൺ കെ.എസ്, സുനിൽരാജ് എന്നിവർ എസ്‌ഐടിക്ക് നൽകിയ മൊഴികളിൽ അജിത് കുമാറിന്റെ ഇടപെടലുകളെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘാംഗങ്ങളുടെ പങ്കിനെക്കുറിച്ചുള്ള കണ്ടെത്തലുകളിൽ അജിത് കുമാർ അതൃപ്തി രേഖപ്പെടുത്തുകയും, അന്വേഷണ ഡയറി പരിശോധിച്ച് കേസ് അവസാനിപ്പിക്കാൻ നേരിട്ട് നിർദ്ദേശിക്കുകയും ചെയ്തതായാണ് മൊഴി. ഒരു യോഗത്തിനിടെ കേസ് ഡയറി പരിശോധിച്ച അജിത് കുമാർ, അന്വേഷണ പുരോഗതിയിൽ അതൃപ്തി രേഖപ്പെടുത്തുകയും അതിലെ കണ്ടെത്തലുകളെ ചോദ്യം ചെയ്യുകയും ചെയ്തു. പ്രത്യേകിച്ച്, മുഖ്യമന്ത്രിയുടെ സുരക്ഷാ-എസ്‌കോർട്ട് സംഘാംഗങ്ങൾക്ക് സംഭവത്തിൽ പങ്കുണ്ടെന്ന കണ്ടെത്തലിനെ അദ്ദേഹം എതിർത്തു. 'മുഖ്യമന്ത്രിയുടെ പി.എസ്.ഒമാർക്കെതിരെയുള്ള കേസ് നാളെ തന്നെ റഫർ ചെയ്യണം' എന്നും 'അന്വേഷണം പൂർത്തിയായി, ഇനി റഫർ നോട്ടീസ് നൽകുക മാത്രമാണ് ബാക്കി' എന്നും എസ്.പി മുഖേന അദ്ദേഹം നിർദ്ദേശങ്ങൾ നൽകി.

സൂപ്പർവൈസറി ഓഫീസർ എന്ന നിലയിലുള്ള ഇടപെടലുകൾ നിയമപരമായിരിക്കണമെന്നും നീതി ഉറപ്പാക്കാൻ വേണ്ടിയുള്ളതായിരിക്കണമെന്നും സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു. എന്നാൽ അജിത് കുമാറിന്റെ ഇടപെടലുകൾ നിയമവിരുദ്ധമായിരുന്നുവെന്നും അത് ഇരകൾക്ക് നീതി നിഷേധിക്കുന്നതിനും പ്രതികൾക്ക് സംരക്ഷണം ഒരുക്കുന്നതിനും കാരണമായെന്നും കുറ്റപ്പെടുത്തുന്നു.

അജിത് കുമാറിന്റെ ഓഫിസിലെ ഉദ്യോഗസ്ഥരായ ഗിരീഷ്, ശ്രീകാന്ത് എന്നിവരും ഈ അട്ടിമറി നീക്കത്തിൽ പങ്കാളികളായതായും അന്വേഷണ റിപ്പോർട്ടിലുണ്ട്. ഇക്കാര്യം സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നുണ്ട്. അജിത് കുമാർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും അദ്ദേഹം സർവീസിൽ തുടരുന്നത് തുടരന്വേഷണത്തെ ബാധിക്കുമെന്നും പൊതുതാൽപ്പര്യം മുൻനിർത്തി സസ്‌പെൻഷൻ അത്യാവശ്യമാണെന്നും ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.