എഡിജിപി എസ്. ശ്രീജിത്തിന്റെ വിദേശയാത്ര: ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി; പുതിയ ഹിയറിങ്ങിന് നിർദ്ദേശം
എഡിജിപി എസ്. ശ്രീജിത്തിന്റെ ദുബായ് യാത്രയുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് നൽകിയ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരനായ ദിപിൻ ഇടവനയുടെ വാദം കേൾക്കാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി. പരാതിക്കാരനെ നേരിട്ട് കേട്ട ശേഷം മൂന്നാഴ്ചയ്ക്കകം പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര വകുപ്പിനോട് കോടതി ഉത്തരവിട്ടു.
കഴിഞ്ഞ ഫെബ്രുവരി ഒന്നു മുതൽ മൂന്നു വരെ എഡിജിപി നടത്തിയ ദുബായ് സന്ദർശനത്തിന് സർക്കാരിന്റെ മുൻകൂർ അനുമതിയുണ്ടായിരുന്നുവെന്നും, അവിടെ നടന്ന സ്വകാര്യ ചടങ്ങിൽ അദ്ദേഹം യൂണിഫോം ധരിച്ചിരുന്നില്ലെന്നുമായിരുന്നു അന്നത്തെ അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വനാഥ സിൻഹയുടെ റിപ്പോർട്ട്. എന്നാൽ ഈ വിവരങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദിപിൻ ഇടവന ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ സംയുക്ത ഹിയറിങ്ങിന് നിർദ്ദേശിച്ചിരുന്നെങ്കിലും എഡിജിപിക്കൊപ്പം പങ്കെടുക്കാൻ തനിക്ക് സൗകര്യമില്ലെന്ന് പരാതിക്കാരൻ നിലപാടെടുത്തിരുന്നു. തുടർന്ന് പരാതിക്കാരന്റെ ഭാഗം കേൾക്കാതെ സമർപ്പിച്ച റിപ്പോർട്ടാണ് ഇപ്പോൾ റദ്ദാക്കപ്പെട്ടത്. ഇനി ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള പുതിയ അഡീഷണൽ ചീഫ് സെക്രട്ടറി പരാതിക്കാരനെ നേരിട്ട് കേട്ട് പുതിയ റിപ്പോർട്ട് സമർപ്പിക്കേണ്ടി വരും.