ആദിശേഖർ വധക്കേസ്: പ്രതി പ്രിയരഞ്ജന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

 

കാട്ടാക്കട ആദിശേഖർ വധക്കേസിലെ പ്രതി പ്രിയരഞ്ജന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. വിചാരണ കോടതി വിധിച്ച ശിക്ഷ മരവിപ്പിച്ചുകൊണ്ടാണ് ജസ്റ്റിസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ ബെഞ്ച് ജാമ്യം അനുവദിച്ചത്.

കേസിൽ പ്രിയരഞ്ജന് ജീവപര്യന്തം കഠിനതടവും 10 ലക്ഷം രൂപ പിഴയുമാണ് വിചാരണ കോടതി വിധിച്ചിരുന്നത്. ശിക്ഷയ്‌ക്കെതിരായ പ്രതിയുടെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

പൂവച്ചൽ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലിൽ പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ വാദം. ക്ഷേത്രത്തിനു സമീപത്തെ റോഡിൽ സൈക്കിളിൽ കയറാൻ ആദിശേഖർ ശ്രമിക്കുന്നതിനിടെ പിന്നിലൂടെ കാറിലെത്തിയ പ്രതി ഇടിച്ചു തെറിപ്പിച്ചശേഷം നിർത്താതെ ഓടിച്ച് പോവുകയായിരുന്നു എന്നാണ് കേസ്.

എന്നാൽ, ആദിശേഖറിനെ കൊലപ്പെടുത്താൻ പ്രതിക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചതെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. പ്രതിക്കുവേണ്ടി അഭിഭാഷക സ്വീന മാധവൻ നായരാണ് ഹാജരായത്.