അടിമാലി മണ്ണിടിച്ചിൽ ദുരന്തം; ദുരിതബാധിതർക്ക് ഓണത്തിന് മുൻപ് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

 

അടിമാലി ലക്ഷംവീട് നഗർ മണ്ണിടിച്ചിൽ ദുരന്തത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് ഓണത്തിന് മുൻപായി 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. ഇതുസംബന്ധിച്ച തീരുമാനം മന്ത്രിസഭാ യോഗത്തിൽ കൈക്കൊള്ളുമെന്നും മന്ത്രി ഇടുക്കിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു

വീടും പുനരധിവാസവും ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് ദുരന്തബാധിതർ നടത്തിവന്ന നിരാഹാര സമരം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചത്.ദേശീയപാത നിർമാണത്തിനായി അശാസ്ത്രീയമായി മലയിടിച്ചതാണ് ലക്ഷംവീട് നഗറിലെ മണ്ണിടിച്ചിലിന് കാരണമായതെന്നാണ് നാട്ടുകാരുടെ ആരോപണം. ദുരന്തം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും പുനരധിവാസ നടപടികൾ കാര്യമായി മുന്നേറിയിരുന്നില്ല.

ദുരന്തത്തിൽ ഒൻപത് വീടുകൾ പൂർണമായും തകർന്നതടക്കം 26 വീടുകൾ വാസയോഗ്യമല്ലാതായി. ഇതിൽ ഒൻപത് കുടുംബങ്ങൾക്ക് മാത്രമാണ് സ്ഥലം വാങ്ങി വീട് നിർമിക്കാൻ 10 ലക്ഷം രൂപ അനുവദിച്ചിരുന്നത്. ശേഷിക്കുന്ന 17 വീടുകൾ തകർന്നിട്ടില്ലെങ്കിലും മലയിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ അവിടങ്ങളിൽ താമസിക്കാൻ കഴിയാത്ത സാഹചര്യമാണ്. nദുരിതബാധിതരെ വാടകവീടുകളിലേക്ക് മാറ്റിയിരുന്നെങ്കിലും മാസങ്ങളോളം വാടക നൽകുന്നതിൽ കാലതാമസം നേരിട്ടതിനെ തുടർന്നാണ് അവർ സമരത്തിലേക്ക് കടന്നത്.