അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയേയും ഫെന്നി നൈനാനേയും പ്രതി ചേർക്കും

 

അടൂർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി പ്രതിയെ കയ്യേറ്റം ചെയ്യുകയും പൊലീസിന്റെ ജോലി തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർക്കും. കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാൻ ഉൾപ്പെടെയുള്ളവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും. സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ (DGP) അന്വേഷണ റിപ്പോർട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി. നിലവിലെ എഫ്.ഐ.ആറിലെ വകുപ്പുകൾ നിലനിർത്തിക്കൊണ്ടുതന്നെയാകും പുതിയ പ്രതികളെ ഉൾപ്പെടുത്തി കേസ് മുന്നോട്ടു കൊണ്ടുപോകുക. കേസിൽ കൂടുതൽ പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പള്ളിക്കലനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ജൂലൈ മാസത്തിൽ നടന്ന സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നതോടെയാണ് കേസിൽ നടപടികൾ വേഗത്തിലായത്. സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്ത യൂട്യൂബർ രാജൻ ജോസഫിനെ അടൂർ സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സ്റ്റേഷനിലെത്തിയ കോൺഗ്രസ് പ്രവർത്തകർ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ലോക്കപ്പിന് മുന്നിലെത്തി പ്രതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.

എന്നാൽ പരാതിക്കാരി എന്ന നിലയിൽ പ്രതിയെ തിരിച്ചറിയാൻ മാത്രമാണ് താൻ സ്റ്റേഷനകത്തേക്ക് പോയതെന്നും പ്രതിയെ കയ്യേറ്റം ചെയ്തിട്ടില്ലെന്നുമാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ വിശദീകരണം. കൃത്യമായ വിവരമുണ്ടായിട്ടും ആദ്യ എഫ്.ഐ.ആറിൽ ശ്രീനാദേവി കുഞ്ഞമ്മയുടെയോ ഫെന്നി നൈനാന്റെയോ പേരുകൾ ഉൾപ്പെടുത്താതെ 'കണ്ടാലറിയാവുന്നവർ' എന്ന് മാത്രം രേഖപ്പെടുത്തിയത് ഉന്നത സ്വാധീനം മൂലമാണെന്ന വിമർശനം ശക്തമായിരുന്നു.