9 വർഷത്തിന് ശേഷം തിരുവനന്തപുരം മൃഗശാലയിലേക്ക് സീബ്രകളെത്തുന്നു; ഓണത്തിന് സന്ദർശകർക്ക് കാണാം
Aug 15, 2026, 17:16 IST
ഒൻപത് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിലേക്ക് ഒരു ജോഡി സീബ്രകൾ എത്തുന്നു. ഗുജറാത്തിലെ ഗ്രീൻസ് വൈൽഡ് ലൈഫ് റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ (വൻതാര) നിന്ന് സീബ്രകളെ തിരുവനന്തപുരത്ത് എത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായി വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് അറിയിച്ചു.
2017-ൽ 'സീത' എന്ന സീബ്ര ചത്തതിന് ശേഷം മൃഗശാലയിൽ സീബ്രകൾ ഉണ്ടായിരുന്നില്ല. വൻതാരയിൽ നിന്നുള്ള മൂന്നും അഞ്ചും വയസ്സുള്ള സീബ്രകളെ പ്രത്യേക അനിമൽ ആംബുലൻസിൽ റോഡ് മാർഗ്ഗമാണ് എത്തിക്കുന്നത്.
മൂന്ന് ദിവസത്തെ യാത്രയിൽ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഒപ്പമുണ്ടാകും. പകരം ഒരു ആൺ സിംഹവാലൻ കുരങ്ങനെയും രാജവെമ്പാലയെയും വൻതാരയ്ക്ക് നൽകും. ഓണാവധിയോടെ സീബ്രകളെ സന്ദർശകർക്ക് കാണാൻ സാധിക്കുമെന്ന് മൃഗശാല ഡയറക്ടർ മഞ്ജുളാദേവി അറിയിച്ചു.