നാലുദിവസത്തെ തിരച്ചിലിനൊടുവിൽ; പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി
Aug 16, 2026, 17:20 IST
കോഴിക്കോട് പൂനൂർ പുഴയിൽ നാലുദിവസം മുൻപ് കാണാതായ എൺപതുകാരിയുടെ മൃതദേഹം കണ്ടെത്തി. കുന്ദമംഗലം തൂവക്കുന്ന് സ്വദേശിനി രാധയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കുന്ദമംഗലം താളിക്കുണ്ട് കടവിന് താഴെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ മുതൽ അഗ്നിരക്ഷാസേനയുടെ സ്‌കൂബാ സംഘവും സിവിൽ ഡിഫൻസും നാട്ടുകാരും ചേർന്ന് പുഴയിൽ വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. കുന്ദമംഗലം പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
രാധയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ പുഴയോരത്ത് നിന്ന് ചെരുപ്പും മോതിരവും മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൂനൂർ പുഴ കേന്ദ്രീകരിച്ച് തിരച്ചിൽ ശക്തമാക്കിയത്.