വഴിയാത്രികനെ ഇടിച്ച ശേഷം ബൈക്ക് മതിലിൽ ഇടിച്ചു; ബാങ്ക് ജീവനക്കാരനും വയോധികനും മരിച്ചു

 

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിന് കിഴക്ക് അഞ്ചുമുറിക്കടയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. ഭഗവതിപ്പടി മങ്ങാട്ടുശ്ശേരിൽ അനന്തൻ (26), ചെട്ടികുളങ്ങര ഈരേഴ വടക്ക് ചെറുകര തെക്കേതിൽ ചെല്ലപ്പൻ നായർ (74) എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ 9.30ഓടെയായിരുന്നു അപകടം. ഫെഡറൽ ബാങ്ക് മാവേലിക്കര ശാഖയിലെ ജീവനക്കാരനായ അനന്തൻ ഓടിച്ചിരുന്ന ഇരുചക്രവാഹനം വഴിയാത്രക്കാരനായ ചെല്ലപ്പൻ നായരെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിക്കുകയായിരുന്നു.അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അനന്തൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ചെല്ലപ്പൻ നായരെ തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു.