'എ.ഐ വീഡിയോ സന്തോഷം നൽകി, പക്ഷേ നിയമപ്രശ്‌നങ്ങളുണ്ട്'; വൈറൽ വീഡിയോ നീക്കം ചെയ്തതിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
തന്റെ എ.ഐ നിർമിത ഡാൻസ് വീഡിയോ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ മെറ്റ നീക്കം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വീഡിയോ വ്യക്തിപരമായി തനിക്ക് ഏറെ സന്തോഷം നൽകിയ ഒന്നായിരുന്നുവെങ്കിലും അതിൽ ഗൗരവമുള്ള നിയമപ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗ്രൂപ്പ് ഡാൻസിന് നേതൃത്വം നൽകുന്ന രീതിയിലുള്ള വീഡിയോ കണ്ട് താൻ തന്നെ അത്ഭുതപ്പെട്ടുപോയെന്ന് അദ്ദേഹം പറഞ്ഞു. നടൻ മോഹൻലാലിനേക്കാളും തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയേക്കാളും ഗംഭീരമായി ഡാൻസ് ചെയ്യുന്ന രീതിയിലാണ് അത് നിർമിച്ചിരിക്കുന്നത്. അല്പം പരിഹസിക്കാൻ വേണ്ടിയാണ് ചെയ്തതെങ്കിലും തനിക്കത് കണ്ട് സന്തോഷം തോന്നിയെന്നും, ഒരു അഞ്ചുവയസുകാരൻ കുട്ടി നേരിട്ടുവന്ന് താൻ ശരിക്കും ഡാൻസ് ചെയ്തതാണെന്ന് കരുതി അഭിനന്ദിച്ച സംഭവം ഓർത്തെടുത്തുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.
സംഗീതവും നൃത്തവുമെല്ലാം എ.ഐ ഉപയോഗിച്ച് ഇത്തരത്തിൽ പുനഃസൃഷ്ടിക്കുമ്പോൾ വലിയ നിയമപ്രശ്നങ്ങളാണ് ഉയർന്നുവരുന്നത്. പുതിയ സാങ്കേതികവിദ്യയുടെ ഇത്തരം സൃഷ്ടികളെ നിലവിലെ നിയമപരിധിയിൽ എങ്ങനെ കൈകാര്യം ചെയ്യാൻ സാധിക്കുമെന്നത് ഗൗരവകരമായ വിഷയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളാ ജുഡീഷ്യൽ അക്കാദമിയും കൊച്ചി കളമശ്ശേരിയിലെ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസും സംയുക്തമായി എറണാകുളത്തെ ബോൾഗാട്ടി പാലസ് ആൻഡ് ഐലൻഡ് റിസോർട്ടിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.ഡി. സതീശൻ. 'മ്യൂസിക്, സിനിമ, ആൻഡ് ലോ: എക്‌സ്‌പ്ലോറിങ് ദി ഇന്റർസെക്ഷൻസ് ഓഫ് ആർട്ട്, കൾച്ചർ, ആൻഡ് ലോ' എന്ന വിഷയത്തിലായിരുന്നു സെമിനാർ.