തെരഞ്ഞെടുപ്പിൽ എയിംസ് വാഗ്ദാനം ചെയ്തിട്ടില്ല; സ്ഥലം നൽകിയാൽ തൃശൂരിൽ കൊണ്ടുവരാം: സുരേഷ് ഗോപി
തെരഞ്ഞെടുപ്പ് പ്രചാരണവേളകളിൽ തൃശൂരിൽ എയിംസ് (AIIMS) സ്ഥാപിക്കുമെന്ന് താൻ വാഗ്ദാനം ചെയ്തിട്ടില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തൃശൂരിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയാണ് തനിക്കെതിരായ വിമർശനങ്ങൾക്ക് കേന്ദ്രമന്ത്രി മറുപടി നൽകിയത്.
തൃശൂരിൽ എയിംസ് വേണമെന്ന ആവശ്യം ഉയർന്നുവന്നത് തെരഞ്ഞെടുപ്പിന് ശേഷമാണെന്നും, എന്നാൽ ജില്ലയ്ക്ക് എയിംസ് ലഭിക്കാൻ പൂർണ്ണ അർഹതയുണ്ടെന്ന നിലപാടിനെ താൻ ഇപ്പോഴും പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എയിംസിനായി സംസ്ഥാന സർക്കാർ ഭൂമി ലഭ്യമാക്കാൻ തീരുമാനിച്ചാൽ മാത്രമേ പദ്ധതി യാഥാർത്ഥ്യമാകൂ. മാടക്കത്തറ പഞ്ചായത്ത്, മണ്ണുത്തി, പൊലീസ് അക്കാദമിക്ക് സമീപം എന്നിവിടങ്ങളിൽ ഭൂമി ലഭ്യമാണെന്നും, കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനപ്രതിനിധികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മുൻ സർക്കാരുകളുടെ വിമുഖത നിലവിലെ സർക്കാർ തുടരരുതെന്നും സുരേഷ് ഗോപി അഭ്യർത്ഥിച്ചു. വാഗ്ദാനങ്ങളുടെ കണക്കെടുപ്പാണ് നടക്കുന്നതെങ്കിൽ, കഴിഞ്ഞ 25 വർഷമായി തൃശൂരിനെ പ്രതിനിധീകരിച്ച മുൻ എം.പിമാരുടെ പ്രവർത്തനങ്ങളും ഓഡിറ്റിംഗിന് വിധേയമാക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.