കേരളത്തിൽ എയിംസ് വരും: അത് താൻ നൽകിയ വാക്കാണ്; സുരേഷ് ഗോപി
കേരളത്തിൽ എയിംസ് സ്ഥാപിക്കുമെന്നത് താൻ നൽകിയ വാക്കാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസിന് തറക്കല്ലിടാതെ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കാൻ വരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
എയിംസിന്റെ കാര്യത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ നൽകിയ ഉറപ്പുണ്ടെന്നും, കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചത് മുൻഗണന സംബന്ധിച്ച കാര്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനായി അഞ്ച് സ്ഥലങ്ങളുടെ നിർദേശം സംസ്ഥാന സർക്കാർ ഇതുവരെ നൽകിയിട്ടില്ലെന്നും സുരേഷ് ഗോപി ആരോപിച്ചു.
സംസ്ഥാനം നിർദേശങ്ങൾ സമർപ്പിക്കുന്ന മുറയ്ക്ക് ഉചിതമായ സമയത്ത് കേന്ദ്രം കേരളത്തിന് എയിംസ് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിലെ കാർഷിക സർവകലാശാലയുടെ ഭൂമി ഉൾപ്പെടെയുള്ള സാധ്യതകൾ സംബന്ധിച്ച് കെ. മുരളീധരനോട് നേരത്തെ സംസാരിച്ചിരുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.