എൻസിപി ദേശീയ നേതൃത്വവുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് എ.കെ ശശീന്ദ്രൻ; വന്യജീവി ആക്രമണ വിഷയത്തിലും കടുത്ത വിമർശനം

 

എൻസിപി (ശരദ് പവാർ) ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി മുൻ മന്ത്രി എ.കെ. ശശീന്ദ്രൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാർട്ടിയുടെ ഭാവി കാര്യങ്ങളും അടുത്ത നീക്കങ്ങളും വരും ദിവസം പതിനൊന്നാം തീയതി ചേരുന്ന ജനറൽ ബോഡി യോഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമീപകാലത്ത് നടന്ന തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കേരളത്തിലെ എൻസിപി ശരദ് പവാർ വിഭാഗം വലിയ ഭിന്നതകളിലേക്ക് നീങ്ങുകയും രണ്ട് ചേരികളായി പിളരുകയും ചെയ്ത പശ്ചാത്തലത്തിലാണ് ശശീന്ദ്രന്റെ ഈ നിർണായക പ്രഖ്യാപനം.

സംസ്ഥാനത്തെ വന്യജീവി ആക്രമണങ്ങൾ കൈകാര്യം ചെയ്യുന്ന നിലവിലെ രീതിക്കെതിരെയും എ.കെ. ശശീന്ദ്രൻ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വന്യജീവി ആക്രമണങ്ങൾ ഉണ്ടായപ്പോൾ അത് അന്നത്തെ വനംമന്ത്രിയായിരുന്ന തന്റെ പരാജയമാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചവർ ഇപ്പോൾ എന്ത് മറുപടിയാണ് നൽകാനുള്ളതെന്ന് അദ്ദേഹം ചോദിച്ചു. അന്ന് വനംമന്ത്രി സ്ഥാനം മാറണമെന്ന് വരെ ആവശ്യപ്പെട്ട് രംഗത്തുവന്നവരുണ്ട്. അക്കാലത്ത് വന്യജീവി ആക്രമണങ്ങളുടെ പേരിൽ മുതലക്കണ്ണീർ ഒഴുക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് പിടിച്ചവർ ഇപ്പോൾ എവിടെയാണെന്നും ശശീന്ദ്രൻ പരിഹസിച്ചു.

ദേശീയ നേതൃത്വവുമായുള്ള ബന്ധം ഉപേക്ഷിച്ചതോടെ എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള പുതിയ വിഭാഗത്തിന്റെ രാഷ്ട്രീയ നിലപാടുകൾ എന്തായിരിക്കുമെന്ന ആകാംഷയിലാണ് കേരള രാഷ്ട്രീയം.