എന്‍.എസ് അബ്ദുല്‍ ഹമീദിനെതിരെ ആരോപണം: കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസ്

 

ടി.എന്‍ പ്രതാപന്‍ എംപിയുടെ പിആര്‍ഒ എന്‍.എസ് അബ്ദുല്‍ ഹമീദിനെതിരെ നടത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അവ പിന്‍വലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസ്. ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. അനൂപ് വിആര്‍ മുഖേനെയാണ് അബ്ദുല്‍ ഹമീദ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ജനുവരി ഏഴിന് മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് സുരേന്ദ്രന്‍ ഹമീദിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.

പ്രതാപന് വേണ്ടി ദില്ലിയില്‍ നരേറ്റീവുകളുണ്ടാക്കുന്ന അബ്ദുല്‍ ഹമീദ് പിഎഫ്‌ഐക്കാരനാണെന്നായിരുന്നു ആരോപണം. ദില്ലി കലാപത്തില്‍ ഇയാളുടെ പങ്ക് വ്യക്തമാണെന്നും ജാമിഅ വിഷയത്തില്‍ എന്‍ഐഎ ചോദ്യം ചെയ്ത ആളാണ് ഹമീദെന്നുമായിരുന്നു സുരേന്ദ്രന്റെ ആരോപണങ്ങള്‍. എന്നാല്‍ അബ്ദുല്‍ ഹമീദ് ആരോപണങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു. അതേസമയം, നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനുള്ളില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ പിന്‍വലിച്ച് ഖേദപ്രകടനം നടത്തണമെന്നാണ് ഹമീദ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് മാധ്യമങ്ങളിലൂടെ സാമൂഹ്യമധ്യത്തില്‍ പരസ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.