‘അമ്മ’ അഡ്‌ഹോക് കമ്മിറ്റിയ്ക്ക് താല്‍ക്കാലിക വിലക്ക്; ശ്വേതാ മേനോന് പ്രസിഡന്റായി തുടരാമെന്ന് കോടതി

 

താരസംഘടനയായ 'അമ്മ'യിലെ (AMMA) ആഭ്യന്തര തർക്കങ്ങൾ പുതിയ വഴിത്തിരിവിലേക്ക്. ഭരണസമിതിയുടെ കൂട്ടരാജിയെ തുടർന്ന് രൂപീകരിച്ച താൽക്കാലിക അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് എറണാകുളം മുൻസിഫ് കോടതി താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. നിലവിലെ പ്രസിഡന്റ് ശ്വേതാ മേനോൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർണ്ണായക ഉത്തരവ്. അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ തടഞ്ഞ കോടതി, ശ്വേതയുടെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതിക്ക് തന്നെ ഔദ്യോഗികമായി പ്രവർത്തനം തുടരാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സംഘടനയിലെ പ്രതിസന്ധികളിൽ നിയമപോരാട്ടത്തിന് ഇറങ്ങുമെന്ന് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ ശ്വേതാ മേനോൻ സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഉച്ചയോടെ അവർ കോടതിയെ സമീപിച്ചത്. സംഘടനയുടെ ഔദ്യോഗിക ഭരണഘടനയിൽ (By-law) ഇത്തരമൊരു അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കാൻ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ശ്വേത ഹർജി നൽകിയത്. ഈ വാദം അംഗീകരിച്ചാണ് കോടതിയുടെ അടിയന്തര ഇടപെടൽ. ജനറൽ ബോഡിയിൽ രാജി പ്രഖ്യാപിച്ചിരുന്നുവെങ്കിലും, തനിക്കെതിരെയുള്ള ആരോപണങ്ങളിൽ നിരപരാധിത്വം തെളിയിക്കാതെ പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെന്ന് ശ്വേത നേരത്തെ വ്യക്തമാക്കിയിരുന്നു.

നേരത്തെ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാ മേനോൻ പ്രസിഡന്റായ ഭരണസമിതി ഒന്നാകെ രാജിവച്ചതിനെ തുടര്‍ന്നാണ് സംഘടനയുടെ ദൈനംദിന കാര്യങ്ങൾക്കായി അഡ്ഹോക് കമ്മിറ്റിയെ തെരഞ്ഞെടുത്തത്. രമേഷ് പിഷാരടി കണ്‍വീനറായ ഈ കമ്മിറ്റിയിൽ കെ.ബി. ഗണേഷ് കുമാർ ഉൾപ്പെടെയുള്ള പ്രമുഖർ അംഗങ്ങളായിരുന്നു. എന്നാൽ, ശ്വേതയുമായി രമേഷ് പിഷാരടി നടത്തിയ ഫോൺ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തുവന്നതിന് പിന്നാലെയാണ് കാര്യങ്ങൾ കോടതിയിലെത്തിയതും അഡ്ഹോക് കമ്മിറ്റിക്ക് തിരിച്ചടിയുണ്ടായതും. കോടതി ഉത്തരവോടെ 'അമ്മ'യിലെ അധികാര തർക്കങ്ങൾ കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.