അമ്മ'യെ ഇനി അഡ്‌ഹോക്ക് കമ്മിറ്റി നയിക്കും; രമേഷ് പിഷാരടി കൺവീനർ
മലയാള സിനിമാ താരസംഘടനയായ 'അമ്മ'യെ ഇനി അഡ്‌ഹോക്ക് കമ്മിറ്റി നയിക്കും. സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനായി ഒമ്പതംഗ അഡ്‌ഹോക്ക് കമ്മിറ്റിയെ പ്രഖ്യാപിച്ചു.നടൻ രമേഷ് പിഷാരടിയാണ് കമ്മിറ്റിയുടെ കൺവീനർ. മന്ത്രിയും നടനുമായ കെ.ബി. ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി, കൃഷ്ണപ്രഭ, ആശാ അരവിന്ദ്, ഷാജോൺ, ദേവി ചന്ദന എന്നിവരാണ് മറ്റ് അംഗങ്ങൾ.
നാല് മാസമായിരിക്കും അഡ്‌ഹോക്ക് കമ്മിറ്റി സംഘടനയെ നയിക്കുക. തുടർന്ന് സ്ഥിരം ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തും. തെരഞ്ഞെടുപ്പിന്റെ തീയതിയും നടപടിക്രമങ്ങളും സംബന്ധിച്ച തീരുമാനം അഡ്‌ഹോക്ക് കമ്മിറ്റി കൈക്കൊള്ളും.നടൻ ജഗദീഷാണ് പുതിയ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഇന്ന് ചേർന്ന 'അമ്മ' ജനറൽ ബോഡി യോഗത്തിൽ തർക്കം രൂക്ഷമായതിന് പിന്നാലെ അമ്മയിലെ 17 ഭരണസമിതി അംഗങ്ങളും രാജിവെച്ചു. പിന്നാലെ പ്രസിഡന്റ് സ്ഥാനത്തിനൊപ്പം അമ്മയിലെ അംഗത്വവും രാജിവെക്കുന്നതായി ശ്വേത മേനോൻ പ്രഖ്യാപിച്ചു. ശ്വേത മേനോന് പുറമേ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, ട്രഷറർ ഉണ്ണി ശിവപാൽ, ജോയിൻ്റ് സെക്രട്ടറി അൻസിബ ഹസൻ, വൈസ് പ്രസിഡന്റുമാരായ ലക്ഷ്‌മിപ്രിയ, ജയൻ ചേർത്തല, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സരയു, വിനു മോഹൻ, ടിനി ടോം, നീന കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, ഡോ. റോണി ഡേവിഡ് രാജ്, സിജോയ് വർഗീസ്, ജോയ് മാത്യു, അഞ്ജലി നായർ, ആശാ അരവിന്ദ്, കൈലാഷ് എന്നിവരാണ് ഇന്ന് രാജിവെച്ച ഭരണസമിതിയിലെ അംഗങ്ങൾ. ജോയിൻ്റ് സെക്രട്ടറിയായ അൻസിബ ഹസൻ നേരത്തെ രാജിവെച്ചിരുന്നു