അമീബിക്ക് മസ്തിഷ്‌ക ജ്വരം: ഓഗസ്റ്റ് 30, 31 തീയതികളിൽ ജനകീയ ക്യാംപെയ്ൻ, കിണറുകൾ ക്ലോറിനേറ്റ് ചെയ്യും

 

അമീബിക് മസ്തിഷ്‌ക ജ്വര വ്യാപനം തടയാൻ ഈ മാസം 30 നും 31 നും സംസ്ഥാനത്തെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യണമെന്നും ജലസംഭരണ ടാങ്കുകൾ തേച്ചു കഴുകി വൃത്തിയാക്കണമെന്നും സർക്കാർ നിർദേശം നൽകി. വീടുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ഫ്‌ളാറ്റുകൾ തുടങ്ങി എല്ലായിടത്തെയും ജല ടാങ്കുകൾ വൃത്തിയാക്കണം. രോഗബാധ പല ജില്ലകളിലും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകേരളം മിഷൻ, ജലവിഭവ വകുപ്പ് എന്നിവയുടെസഹകരണത്തോടെ ആരോഗ്യ വകുപ്പ് നടത്തുന്ന ജനകീയ ക്യാംപെയ്നിൽ എല്ലാ ആരോഗ്യ പ്രവർത്തകരും സ്ഥാപനങ്ങളും പങ്കെടുക്കും.

ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേർന്ന് നിലവിലെ സ്ഥിതി വിലയിരുത്തി. ഈ വർഷം 41 അമീബിക് മസ്തിഷ്‌ക ജ്വരം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലായി 18 ആക്ടീവ് കേസുകളാണുള്ളത്.