ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; ആറാം നിലയിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കി

 

കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതാവിന് കൂട്ടിരിക്കാൻ വന്ന യുവാവ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലിൽ ടോം തോംസൺ (40) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

ഹെർണിയ ശസ്ത്രക്രിയ കഴിഞ്ഞ് ഏഴാം നിലയിലെ വാർഡിൽ ചികിത്സയിലായിരുന്ന പിതാവ് തോമസിനെ പരിചരിക്കാനാണ് ടോം എത്തിയത്. പുലർച്ചെ ഒരു മണിയോടെ ഇയാൾ ആശുപത്രിയിൽ ബഹളമുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാർ തടയാൻ ശ്രമിച്ചതോടെ ഏഴാം നിലയിലെ ജനലിലൂടെ പുറത്തേക്ക് കടന്ന ഇയാൾ താഴേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തി. ഉടൻ തന്നെ പയ്യന്നൂർ അഗ്നിശമനസേന സ്ഥലത്തെത്തി താഴെ വലവിരിച്ച് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും, ആറാം നിലയിലേക്ക് ഇറങ്ങിവന്ന ടോം വലയില്ലാത്ത ഭാഗത്തേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ഉടൻ കാഷ്വാലിറ്റിയിൽ എത്തിച്ചെങ്കിലും പുലർച്ചെ 3.10-ഓടെ മരണം സംഭവിച്ചു.

ഭാര്യയുമായുള്ള വിവാഹമോചനക്കേസും കുടുംബപ്രശ്നങ്ങളുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇയാൾ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ജ്യോഷി മോളാണ് ഭാര്യ. മക്കൾ: ആഷിക്, അയോൺ.