പടിയിറങ്ങി എ എൻ ഷംസീർ; പ്രിയ സഖാവിന്‍റെ ചിത്രങ്ങളുമായി 'നീതി'യിൽ നിന്ന് തലശ്ശേരിയിലേക്ക്

 

കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പദവിയൊഴിഞ്ഞു. തിരുവനന്തപുരത്തെ സ്പീക്കറുടെ ഔദ്യോഗിക വസതിയായ 'നീതി'യുടെ പടികളിറങ്ങി അദ്ദേഹം ജന്മനാടായ കണ്ണൂരിലേക്ക് മടങ്ങി. നീണ്ട 44 മാസക്കാലം നിയമസഭയെ തികഞ്ഞ രാഷ്ട്രീയ പക്വതയോടെ നയിച്ച ശേഷമാണ് അദ്ദേഹം സ്പീക്കർ സ്ഥാനത്ത് നിന്ന് വിടവാങ്ങുന്നത്. പദവിയൊഴിഞ്ഞുള്ള ഷംസീറിന്റെ മടക്കയാത്രയിൽ 'നീതി' എന്ന ഔദ്യോഗിക വസതി സാക്ഷിയായത് അതീവ വികാരനിർഭരമായ നിമിഷങ്ങൾക്കായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതത്തിലെ എല്ലാമെല്ലാമായിരുന്ന അന്തരിച്ച പ്രിയ സഖാവും ഗുരുവുമായ കോടിയേരി ബാലകൃഷ്ണന്റെ ചിത്രങ്ങൾ നെഞ്ചോട് ചേർത്താണ് അദ്ദേഹം തലശ്ശേരിയിലേക്ക് യാത്ര തിരിച്ചത്.

പൂർണ്ണമായ സംതൃപ്തിയോടെയും അതിലേറെ അഭിമാനത്തോടും കൂടിയാണ് താൻ ഈ പദവിയിൽ നിന്നും ഇറങ്ങുന്നതെന്ന് എ.എൻ. ഷംസീർ മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായി മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. സ്പീക്കർ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക് അകമഴിഞ്ഞ പിന്തുണ നൽകിയ മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, സഭാ ജീവനക്കാർ, മാധ്യമങ്ങൾ എന്നിവർക്കെല്ലാം അദ്ദേഹം ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.