ദേവസ്വം വകുപ്പിന്റെ നിസ്സഹകരണത്തിൽ അമർഷം; മുഖ്യമന്ത്രിയെ കാണാൻ കെ. ജയകുമാർ
ദേവസ്വം മന്ത്രിയുടെയും വകുപ്പിന്റെയും ഭാഗത്തുനിന്നുള്ള നിസ്സഹകരണത്തിൽ അമർഷം അറിയിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഇന്ന് മുഖ്യമന്ത്രിയെ കാണും. .ശബരിമലയിലെ അരവണ പ്ലാന്റിന്റെ ശേഷി വർധിപ്പിക്കുന്നതിനുള്ള വിപുലീകരണ പ്രവർത്തനങ്ങളെച്ചൊല്ലിയുള്ള വിമർശനങ്ങളാണ് നിലവിലെ അതൃപ്തിക്ക് കാരണം. പ്ലാന്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാരിനും മുഖ്യമന്ത്രിക്കും നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും എന്നിട്ടും ദേവസ്വം മന്ത്രിയുടെ ഓഫീസ് അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നുമാണ് ബോർഡ് പ്രസിഡന്റിന്റെ പരാതി.
ശബരിമലയിൽ ബോർഡ് നടത്തിയ പ്രവർത്തനങ്ങളും ഇതുവരെ സ്വീകരിച്ച നടപടികളും കെ. ജയകുമാർ മുഖ്യമന്ത്രിയെ വിശദീകരിക്കും. സർക്കാരിന്റെ പിന്തുണ ലഭിക്കാത്ത സാഹചര്യത്തിൽ ബോർഡിന് മുന്നോട്ടുപോകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കും.താൻ രാജിവെച്ചൊഴിയണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെങ്കിൽ അതിനും തയ്യാറാണെന്ന നിലപാടിലാണ് അദ്ദേഹം.സ്വയം രാജിവച്ച് ഒഴിയുന്നത് ഉചിതമല്ലെങ്കിലും, സർക്കാർ ആവശ്യപ്പെടുന്ന പക്ഷം കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാനും അദ്ദേഹം തയ്യാറാണെന്നും അദ്ദേഹം സൂചന നൽകി.