കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം; ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിക്ക് പരിക്ക്

 
കോഴിക്കോട് അരീക്കാട് തെരുവ്നായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കോഴിക്കോട് പ്രൊവിഡൻസ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ യാഷികയ്ക്കാണ് പരിക്കേറ്റത്.രാവിലെ ഒൻപതോടെ സ്‌കൂളിലേക്ക് പോകവേയാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. സ്‌കൂളിലേക്ക് പോകാനായി ബസ് സ്റ്റോപ്പിലേക്ക് നടക്കവേ വിദ്യാർത്ഥിനിയുടെ പിന്നാലെയെത്തിയ നായ കാലിൽ കടിക്കുകയായിരുന്നു. കാലിൽ സാരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. കഴിഞ്ഞ ദിവസവും ഇതിന് സമീപപ്രദേശത്ത് തെരുവ്നായ ആക്രമണമുണ്ടായിരുന്നു. വീട്ടുവരാന്തയിൽ കിടക്കുകയായിരുന്ന ഒരുവയസ്സുള്ള പിഞ്ചുകുഞ്ഞ് ഉൾപ്പെടെ നാല് പേർക്കാണ് കടിയേറ്റത്.