ടിനി ടോമിനെതിരെ കോടതിയിൽ ക്രിമിനൽ ഹർജി നൽകി അൻസിബ ഹസൻ
ടിനി ടോമിനെതിരെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ട് ക്രിമിനൽ ഹർജി ഫയൽ ചെയ്ത് അൻസിബ ഹസൻ . അൻസിബയുടെ അഭിഭാഷകൻ ഫിർദൗസ് ഇക്കാര്യം സ്ഥിരീകരിച്ചു.ടിനി ടോം തനിക്കെതിരെ നിരന്തരമായി അധിക്ഷേപങ്ങളും ജിഹാദി ആരോപണങ്ങളും ഉന്നയിച്ച് വ്യക്തിഹത്യ നടത്തിയെന്നാണ് നടി അൻസിബ ഹസന്റെ പരാതി. താൻ ഡ്രൈവറെ മതം മാറ്റാൻ ശ്രമിക്കുന്ന ഒരു ജിഹാദിയാണെന്ന രീതിയിൽ ടിനി ടോം തികച്ചും വർഗീയവും അപകീർത്തികരവുമായ വ്യാജപ്രചരണങ്ങൾ നടത്തിയെന്നും അൻസിബ ആരോപിച്ചു.ഇത് തന്നെ കടുത്ത മാനസിക വിഷമത്തിലാക്കിയെന്നും അൻസിബ പറഞ്ഞു
അതേസമയം ഈ ആരോപണങ്ങളെല്ലാം വ്യക്തിപരമായ വൈരാഗ്യം മൂലം കെട്ടിച്ചമച്ചതാണെന്നായിരുന്നു ടിനി ടോമിന്റെ നിലപാട്. ആരോപണങ്ങൾ പൂർണമായി നിഷേധിച്ച ടിനി ടോം, താൻ അങ്ങനെയൊരു പരാമർശവും നടത്തിയിട്ടില്ലെന്ന് ആവർത്തിച്ചു . നേരത്തെ ഈ വിഷയത്തിൽ കടവന്ത്ര പൊലീസ് പ്രാഥമിക അന്വേഷണം നടത്തുകയും ടിനി ടോം ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്നുള്ള തുടർനടപടികൾ വൈകുന്ന പശ്ചാത്തലത്തിലാണ്, കേസ് കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി അൻസിബ നേരിട്ട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.