മകൾ പോകുന്നുവെന്ന് പറഞ്ഞപ്പോൾ പോയി ചാകട്ടെയെന്ന് മറുപടി; അപർണയുടെ മരണത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി അമ്മ
സിനിമാ–സീരിയൽ താരം അപർണ നായരുടെ മരണത്തിൽ ഭർത്താവ് സഞ്ജിത്തിനെതിരെ ആരോപണവുമായി അപർണയുടെ അമ്മ. അപർണയെ സഞ്ജിത് മാനസികമായി പീഡിപ്പിച്ചിരുന്നു. രണ്ടു പേർക്കുമിടയിൽ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. മരിക്കുന്നതിനു തൊട്ടുമുൻപ് വിഡിയോ കോൾ വിളിച്ച് മകൾ പോവുകയാണെന്നു പറഞ്ഞു. ഈ വിവരം സഞ്ജിത്തിനെ അറിയിച്ചപ്പോൾ അവൾ പോയി ചാകട്ടെയെന്നു പറഞ്ഞ് പുറത്തുതന്നെ നിൽക്കുകയായിരുന്നു. ഒടുവിൽ അരമണിക്കൂർ കഴിഞ്ഞ് നോക്കുമ്പോഴേക്കും മകൾ മരിച്ചെന്നും അമ്മ ബീന പറഞ്ഞു.
‘‘മകൾക്ക് എന്താണ് സംഭവിച്ചതെന്ന് അവർക്കു രണ്ടു പേർക്കും അറിയാം. മരിച്ച ദിവസം രാവിലെ ഇവിടെ വന്നിട്ട് സന്തോഷമായി തിരിച്ചു പോയതാണ്. വൈകുന്നേരം ആയപ്പോഴേക്കും എന്നെ വിളിച്ചിട്ട്, അമ്മേ ഞാൻ പോവുകയാണെന്നും എന്നെക്കൊണ്ടു പറ്റുന്നില്ലെന്നും പറഞ്ഞു. അവർ തമ്മിൽ എന്തോ പ്രശ്നമുണ്ടായി. ഇടയ്ക്കിടെ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അപ്പോഴൊക്കെ ഞാൻ അവളെ സമാധാനിപ്പിക്കും. മോളേ, സമാധാനപ്പെട്, നീ തന്നെ ഉണ്ടാക്കിയെടുത്ത ജീവിതമല്ലേ എന്നെല്ലാം പറയും."
"അവൻ കാരണം അവൾക്ക് ഒരുപാടു ദുഃഖവും വിഷമവും ഉണ്ടായിട്ടുണ്ട്. വിഡിയോ കോളിൽ വിളിച്ച് ഞാൻ പോകുന്നുവെന്നു മാത്രം എന്നോടു പറഞ്ഞു. അവൾ എന്തോ ചെയ്തു എന്നാണ് തോന്നുന്നതെന്നും പോയി നോക്കാനും ഞാൻ അപ്പോൾത്തന്നെ അവനെ വിളിച്ചു പറഞ്ഞു. അവൾ അവിടെയെങ്ങാനും പോയി ചാകട്ടെ, എനിക്കു വയ്യ നോക്കാനെന്നാണ് അവൻ പറഞ്ഞത്. അതും പറഞ്ഞ് ഇളയ കുട്ടിയുമായി വെളിയിൽത്തന്നെ നിന്നു. നീ വാതിൽ ചവിട്ടിത്തുറന്ന് കയറിനോക്കാൻ ഞാൻ പറഞ്ഞു. അങ്ങനെ പറഞ്ഞുപറഞ്ഞ് അവസാനം അര മണിക്കൂറോളം കഴിഞ്ഞാണ് നോക്കിയത്. അപ്പോഴേയ്ക്കും എന്റെ കുഞ്ഞു പോയിരുന്നു’’ – ബീന വിശദീകരിച്ചു.
വ്യാഴാഴ്ചയാണ് അപർണയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു പൊലീസ് കേസ് എടുത്തിട്ടുണ്ട്. മേഘതീർഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങിയ സിനിമകളിലും ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പർശം, തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്