കോളേജുകളിലെ റാഗിങ് തടയാൻ 'സിദ്ധാർഥന്റെ' പേരിൽ ആപ്പും നിയമവും
സംസ്ഥാനത്തെ കോളേജുകളിൽ റാഗിങ് തടയുന്നതിനായി അന്തരിച്ച വിദ്യാർഥി സിദ്ധാർഥന്റെ പേരിൽ ആപ്പും നിയമവും കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചു.'സിദ്ധാർഥൻ സ്റ്റുഡന്റ് ഡിസ്ട്രസ് ആപ്പ്' എന്ന പേരിൽ ഒരു ഡിജിറ്റൽ സംവിധാനവും, 'സിദ്ധാർഥൻ ആന്റി റാഗിങ് ആൻഡ് സ്റ്റുഡന്റ് വെൽഫെയർ' എന്ന പേരിൽ പുതിയ നിയമവും നടപ്പാക്കും.
2024ലാണ് വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർഥിയായിരുന്ന ജെ.എസ്. സിദ്ധാർഥൻ ഹോസ്റ്റലിൽ റാഗിങ്ങിന് ഇരയായിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുഡിഎഫ് ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയും പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.
ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി മറ്റു വിവിധ പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചു. ബിരുദധാരികൾക്ക് തൊഴിൽ ലഭ്യമാക്കാൻ ബ്രിഡ്ജ് പ്രോഗ്രാമുകളും കോഴ്സുകളും തുടങ്ങും. വിദ്യാഭ്യാസ മേഖലയിൽ അമിതമായ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുന്നത് തടയാൻ അക്കാദമിക് കൗൺസിലിന് രൂപം നൽകും. വിദ്യാർഥികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കോളേജുകളിൽ ഓംബുട്സ്മാൻ സംവിധാനം ആരംഭിക്കും.
സാങ്കേതിക വിദ്യാഭ്യാസത്തിന്റെ പുരോഗതിക്കുവേണ്ടിയും ബജറ്റിൽ തുക വകയിരുത്തി. 232 കോടി രൂപയാണ് നീക്കിവെച്ചത്. കൂടാതെ ജവഹർലാൽ നെഹ്‌റു സയന്റിഫിക് സിറ്റി സ്ഥാപിക്കാൻ 10 കോടി രൂപയും അനുവദിച്ചു