'നിയമനങ്ങൾ യുഡിഎഫിന്റെ ഏകകണ്ഠമായ തീരുമാനം'; അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ

 

ക്യാബിനറ്റ് പദവി ഉൾപ്പെടെയുള്ള നിയമനങ്ങളിൽ മുന്നണിയിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ ആരോപണങ്ങളെ തള്ളി മന്ത്രി കെ. മുരളീധരൻ. ഈ പദവികളിലേക്കുള്ള നിയമനങ്ങൾ യു.ഡി.എഫിന്റെ ഏകകണ്ഠമായ തീരുമാനപ്രകാരമാണ് നടപ്പിലാക്കിയതെന്നും, തങ്ങളോടൊപ്പം മന്ത്രിസഭയിൽ ഇരിക്കേണ്ട മുതിർന്ന നേതാവാണ് എം.കെ. മുനീറെന്നും അദ്ദേഹം വ്യക്തമാക്കി. പരാതികളും അതൃപ്തിയും എ.ഐ.സി.സി നേതൃത്വത്തെ അറിയിക്കാൻ എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും അവകാശമുണ്ടെന്നും, പുതിയ യു.ഡി.എഫ് യോഗം വിളിച്ചുചേർക്കുന്നതിൽ ഉടൻ തന്നെ തീരുമാനമുണ്ടാകുമെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

'കാബിനറ്റ് പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഞങ്ങളുടെ പൊതുവായിട്ടുള്ള തീരുമാനമായിരുന്നു. ഇന്ന് ഞങ്ങളോടൊപ്പം മന്ത്രിസഭയിൽ ഉണ്ടാവേണ്ട ആളായിരുന്നു എം.കെ മുനീർ. അദ്ദേഹത്തിന്‍റെ ശാരീരിക പ്രയാസങ്ങൾ കാരണം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, കാര്യങ്ങളൊക്കെ നിയന്ത്രിക്കാനുള്ള ആരോഗ്യമെല്ലാം അദ്ദേഹത്തിന് നിലവിലുണ്ട്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറി അദ്ദേഹത്തിന്‍റെ സേവനം കുറേക്കൂടി സംസ്ഥാനത്തിന് പ്രായോഗികമാക്കാൻ വേണ്ടിയാണ് അദ്ദേഹത്തെ നിയമിച്ചത്.' മുരളീധരൻ പറഞ്ഞു.

'ജി.ദേവരാജന്‍റെ കാര്യം പറഞ്ഞാൽ, അദ്ദേഹം ദീർഘകാലം എൽഡിഎഫിൽ നിന്ന് യുഡിഎഫിലേക്ക് വന്നയാളാണ്. പക്ഷെ, കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും അദ്ദേഹത്തിന് മത്സരിക്കാൻ അവസരം നൽകാൻ സാധിച്ചിരുന്നില്ല. അദ്ദേഹത്തിന്‍റെ ഡൽഹിയിലുള്ള ബന്ധം, ആ ബന്ധം കേരളത്തിന് അനുകൂലമാകാൻ വേണ്ടിയാണ് ശ്രീ ദേവരാജനെ ഡൽഹിയിലെ കേരളത്തിന്‍റെ പ്രതിനിധിയായി നിയമിച്ചത്'. മുരളീധരൻ വ്യക്തമാക്കി. പോരായ്മകൾ സംഭവിച്ചേക്കാമെന്നും അതെല്ലാം പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നേരത്തെ, ക്യാബിനറ്റ് പദവി ഉൾപ്പെടെയുള്ള തീരുമാനങ്ങൾ താനറിഞ്ഞില്ലെന്നും യുഡിഎഫ് യോഗം ചേരാൻ സാധിക്കാത്തതിനാൽ പല കാര്യങ്ങളും ചർച്ച ചെയ്യാൻ കഴിയുന്നില്ലെന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മാധ്യമങ്ങളോട് തുറന്നടിച്ചിരുന്നു. യുഡിഎഫ് ചെയർമാനായ മുഖ്യമന്ത്രി യോഗം വിളിക്കാൻ മുൻകൈ എടുക്കുന്നില്ലെന്നും അതൃപ്തി ഹൈക്കമാൻഡിനെ അറിയിക്കുമെന്നും അടൂർ പ്രകാശ് പറയുകയുണ്ടായി. പിന്നാലെയാണ് മന്ത്രി കെ.മുരളീധരന്‍റെ പ്രതികരണം.