പുതുനാട്ടിലെ ആനക്കൂട്ടവുമായി തെറ്റിപ്പിരിഞ്ഞു, വീണ്ടും ഒറ്റയാനയായി അരിക്കൊമ്പൻ; മോചനത്തിനായി ഗണപതി ക്ഷേത്രത്തിൽ തേങ്ങ ഉടയ്ക്കും

 

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് കാടു കടത്തിയ അരിക്കൊമ്പൻ വീണ്ടും ഒറ്റയാനായി. പുതുനാട്ടിലെ ആനക്കൂട്ടവുമായി സൗഹൃദത്തിലായിരുന്ന അരിക്കൊമ്പൻ ഇപ്പോൾ സംഘവുമായി തെറ്റിപ്പിരിഞ്ഞു ഒറ്റയ്ക്കാണ് സഞ്ചാരം. ഇപ്പോഴും തിരുനെൽവേലി കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ അപ്പർ കോത‍യാർ വനമേഖലയിൽ തന്നെയാണ് അരിക്കൊമ്പനുള്ളത്.

തമിഴ്നാട്ടിലെ തേനി ജില്ലയിലെ പാശാനംപെട്ടിക്കടുത്ത് നിന്ന് പിടികൂടിയ അരിക്കൊമ്പനെ ജൂൺ ആദ്യവാരമാണ് ഇവിടെ തുറന്നു വിട്ടത്. ആനയുടെ സഞ്ചാരദിശ റേഡിയോ കോളർ സിഗ്നലി‍ലൂടെ പെരിയാർ കടുവ സങ്കേതത്തിലും, കന്യാകുമാരി ഡിഎഫ്ഒ വഴി കേരള വനം വകുപ്പിനും ലഭിക്കുന്നുണ്ട്. അരിക്കൊമ്പന്റെ ആരോഗ്യത്തിൽ ആശങ്കയില്ലെന്നും മുറിവുകൾ ഇല്ലെന്നും തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡനും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുമായ ശ്രീനിവാസ് റെഡ്ഡി പറഞ്ഞു.

കമ്പത്തിനടുത്തു നിന്നു അരിക്കൊമ്പനെ പിടികൂടിയപ്പോൾ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ ആനയെ പീഡിപ്പിച്ചിരുന്നുവെന്നും, അപ്പർകോതയാറിലെ മുത്തുക്കുഴി പ്രദേശത്ത് കാട്ടുതടങ്കലിലാണ് അരിക്കൊമ്പനെ പാർപ്പിച്ചിരിക്കുന്നതെന്നും പ്രൊട്ടക്ടേഴ്സ് ഓഫ് എൻവയോൺമെന്റ് ആൻഡ് ആനിമൽ ലൈഫ് കൺവീനർ എം.കെ.സുരേഷ്കുമാർ ആരോപിച്ചിരുന്നു. എന്നാൽ, ആരോപണങ്ങൾ ശരിയല്ലെന്നും, ആന ആരോഗ്യവാനായി അപ്പർ കോതയാറിൽ തന്നെയുണ്ടെന്നു തമിഴ്നാട് വനം വകുപ്പ് വിശദീകരിക്കുകയായിരുന്നു. സിഗ്നൽ പരിശോധിച്ച് കേരള വനം വകുപ്പും ഇക്കാര്യം സ്ഥിരീകരിച്ചു.

അരിക്കൊമ്പന്റെ മോചനത്തിനായി മറ്റന്നാൾ രാവിലെ 9 ന് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തേങ്ങ ഉടയ്ക്കാൻ പ്രൊട്ടക്ടേഴ്സ് ഓഫ് എൻവയോൺമെന്റ് ആൻഡ് അനിമൽ ലൈവ് എന്ന സംഘടന തീരുമാനിച്ചു. ചിന്നക്കനാലിൽ ആന തിരിച്ചെത്താൻ വേണ്ടിയാണിത്. 14 ലക്ഷം പേർ ഒപ്പിട്ട ഭീമഹർജിയുടെ ഒപ്പു ശേഖരണവും അന്ന് തുടങ്ങും. ആനയ്ക്ക് നീതി ലഭ്യമാക്കാൻ പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ വന്യജീവി ബോർഡിന് നിവേദനം നൽകി. കേരള–തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ അരിക്കൊമ്പനെ ഉപദ്രവിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കാനും സംഘടന തീരുമാനിച്ചു.