അർജുൻ ആയങ്കിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും; കാപ്പ ചുമത്താൻ നീക്കം

 

കണ്ണൂരിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ പൊലീസ് ഇന്ന് കൂത്തുപറമ്പ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കണ്ണൂരിലെ നടപടികൾ പൂർത്തിയാക്കിയ ശേഷം അർജുനെ കൊച്ചിയിലേക്ക് കൊണ്ടുപോകും. അർജുന്റെ രണ്ട് കൂട്ടാളികളെ വളപട്ടണം പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.

പുലർച്ചെ രണ്ടരയോടെ കണ്ണൂർ നഗരത്തിലെ ഒരു അപ്പാർട്ട്‌മെന്റിൽ അഭിഭാഷകയെ കാണാനെത്തിയപ്പോഴാണ് അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തളിപ്പറമ്പിലെ ഒരു അപ്പാർട്ട്‌മെന്റിൽ ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ, പൊലീസ് ഒളിത്താവളം കണ്ടെത്തിയെന്ന സംശയത്തെ തുടർന്ന് ഓട്ടോറിക്ഷയിൽ പയ്യന്നൂർ ഭാഗത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് സുഹൃത്തിനെ വിളിച്ച് കാർ വരുത്തി കണ്ണൂർ നഗരത്തിലെത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്.

ഓട്ടോ ഡ്രൈവർ പൊലീസിന് നൽകിയ വിവരമാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് എത്തിയപ്പോൾ ഓടി രക്ഷപ്പെടാൻ അർജുൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു.

അർജുൻ ആയങ്കിക്കെതിരെ കാപ്പ നിയമപ്രകാരം നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം. 23 കേസുകളിൽ പ്രതിയായ അർജുൻ കൊടും ക്രിമിനലാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോർട്ട് നൽകും. രണ്ട് വധശ്രമക്കേസുകൾ, ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസ്, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഗുരുതര കേസുകളിൽ അർജുൻ പ്രതിയാണ്.

2014 മുതൽ സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന വ്യക്തിയാണ് അർജുനെന്ന് വിവിധ കേസുകളിലെ കുറ്റപത്രങ്ങളിൽ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വളപട്ടണം പൊലീസ് സ്റ്റേഷനിൽ മാത്രം അർജുനെതിരെ 12 കേസുകളുണ്ട്. പുതിയ കേസുകൾ ഉൾപ്പെടെ ആകെ 23 കേസുകളിലാണ് ഇയാൾ പ്രതിയായിട്ടുള്ളത്.കാപ്പ ചുമത്തുന്നതിനുള്ള റിപ്പോർട്ട് ഉടൻ ജില്ലാ കളക്ടർക്ക് സമർപ്പിക്കാനാണ് പൊലീസിന്റെ നീക്കം.