മാനവീയം വീഥിയിൽ കലാ-സാംസ്‌കാരിക പരിപാടികൾക്ക് സൗകര്യമൊരുക്കും; ഉറപ്പുനൽകി മന്ത്രി പി.സി. വിഷ്ണുനാഥ്

 

തിരുവനന്തപുരം മാനവീയം വീഥിയിൽ കലാ-സാംസ്‌കാരിക പരിപാടികൾ തുടർന്നും നടത്താൻ ആവശ്യമായ സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. തിരുവനന്തപുരം മേയറുമായും സ്ഥലം എംഎൽഎയുമായും ചർച്ച നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സർഗാത്മക ഇടങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കലാകാരന്മാർ ഉയർത്തിയ ആശങ്ക സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. കലാകാരന്മാർക്കൊപ്പവും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനൊപ്പവുമാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

മാനവീയം സാംസ്‌കാരിക കൂട്ടായ്മകളുടെ രജതജൂബിലിയോടനുബന്ധിച്ച് ഗായിക പുഷ്പവതിയുടെ പരിപാടിക്ക് തിരുവനന്തപുരം കോർപ്പറേഷൻ അനുമതി നിഷേധിച്ചതാണ് വിവാദത്തിന് തുടക്കമായത്. പരിപാടിക്കായി അപേക്ഷ ലഭിച്ചിട്ടില്ലെന്നായിരുന്നു മേയർ വി.വി. രാജേഷിന്റെ വിശദീകരണം. മാനവീയം വീഥി ആർക്കും എന്തും നടത്താനുള്ള ഇടമല്ലെന്നും വീഥി സ്വകാര്യ സ്വത്താക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും മേയർ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ വിവിധ സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധവും നടന്നിരുന്നു.