കലൂരിൽ പെൺകുട്ടികളെ മർദ്ദിച്ച കേസ്; മുഖ്യപ്രതി അക്ബർ അലി ചെർപ്പുളശ്ശേരിയിൽ നിന്ന് പിടിയിൽ

 

എറണാകുളം കലൂരിൽ വഴിനടന്നുപോയ പെൺകുട്ടികളെ അതിക്രൂരമായി മർദ്ദിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. പാലക്കാട് മണ്ണാർക്കാട് സ്വദേശി അക്ബർ അലിയെയാണ് (34) സംഭവം നടന്ന് അഞ്ചാം ദിവസം പ്രത്യേക പൊലീസ് അന്വേഷണസംഘം പിടികൂടിയത്. പാലക്കാട് ചെർപ്പുളശ്ശേരിയിലുള്ള ഒരു വാഹന വർക്ക്‌ഷോപ്പിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ശനിയാഴ്ച പുലർച്ചെയോടെ പൊലീസ് വളയുകയായിരുന്നു.

പ്രതി പാലക്കാട് ജില്ല വിട്ടുപോയിട്ടില്ലെന്ന കൃത്യമായ സൈബർ സെൽ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് തിരച്ചിൽ നടത്തിയത്. ഒളിവിലിരുന്ന വർക്ക്‌ഷോപ്പിൽ വെച്ച് തന്റെ കാറിന്റെ നിറവും രൂപവും മാറ്റി സംസ്ഥാനത്തിന് പുറത്തേക്ക് കടക്കാനായിരുന്നു അക്ബർ പദ്ധതിയിട്ടിരുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് വ്യക്തമാക്കി. പെൺകുട്ടികളെ നെഞ്ചത്തും വയറ്റിലും ചവിട്ടി വീഴ്ത്തി ക്രൂരമായി മർദ്ദിക്കുന്ന ഇയാളുടെ സിസിടിവി (CCTV) ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതി ഒളിവിൽ പോയത്. പത്ത് പ്രതികളുള്ള ഈ കേസിൽ അക്ബർ കൂടി പിടിയിലായതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. സംഭവം നടന്ന ദിവസം തന്നെ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഉൾപ്പെട്ട രണ്ട് പെൺകുട്ടികൾ അടക്കം അവശേഷിക്കുന്ന ആറ് പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭിച്ചതായും ഉടൻ തന്നെ അറസ്റ്റുണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

പിടിയിലായ അക്ബർ അലിക്ക് വലിയ രീതിയിലുള്ള ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് പറഞ്ഞു. കലൂരിൽ പെൺകുട്ടികൾ ആക്രമിക്കപ്പെട്ട സ്ഥലത്തിന് സമീപമുള്ള ലോഡ്ജിന്റെ ഒരു നില മുഴുവനായി വാടകയ്‌ക്കെടുത്ത് ഇയാൾ ലഹരി-അനാശാസ്യ കേന്ദ്രം നടത്തിവരികയായിരുന്നു. മുൻപും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് സമാനമായ രീതിയിൽ അനാശാസ്യ കേന്ദ്രം നടത്തിയതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്ന് ഒട്ടേറെ അന്യസംസ്ഥാന യുവതികളെ ഇയാളുടെ തടങ്കലിൽ നിന്ന് പൊലീസ് മോചിപ്പിച്ചിരുന്നു. പ്രതിയെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തുവരികയാണ്.