ഷാർജയിലെ അതുല്യയുടെ മരണം; കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി
ഷാർജയിൽ ആത്മഹത്യ ചെയ്ത അതുല്യയുടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. പോസ്റ്റ്‌മോർട്ടത്തിൽ അതുല്യ സ്വയം ജീവനൊടുക്കിയതാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും, അതുല്യയുടെ കുടുംബം ഇത് വിശ്വാസത്തിലെടുക്കാത്തതിനാലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. അതുല്യയെ ഭർത്താവ് സതീഷ് കൊലപ്പെടുത്തിയതാണ് എന്ന ആരോപണമാണ് കുടുംബം ഇപ്പോഴും ഉന്നയിക്കുന്നത്.
കരുനാഗപ്പള്ളി എഎസ്പിയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്.അതുല്യയുടെ ഭർത്താവ് സതീഷിനെതിരെ ലുക്കൗട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ച് ഇയാളെ നാട്ടിലെത്തിക്കാൻ ലോക്കൽ പൊലീസിന് പരിമിതികളുള്ളതുകൊണ്ടാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
ഇക്കഴിഞ്ഞ ജൂലൈ 19നാണ് ഷാർജയിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ അതുല്യയെ കണ്ടെത്തുന്നത്. ഇതിന് പിന്നാലെ അതുല്യയെ ഭർത്താവ് സതീഷ് ശങ്കർ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതുല്യയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ വീഡിയോകളും പുറത്തുവന്നിരുന്നു. അതുല്യ, സതീഷിൽ നിന്ന് ക്രൂരമായ പീഡനം നേരിട്ടിരുന്നുവെന്നും അതുല്യയെ സതീഷ് കൊലപ്പെടുത്തിയതാണെന്നുമുള്ള ആരോപണവുമായി കുടുംബവും രംഗത്ത് വന്നു.
അതുല്യ ജീവനൊടുക്കില്ലെന്ന വാദവുമായി സതീഷും രംഗത്തെത്തിയിരുന്നു. അതുല്യയെ മർദ്ദിക്കാറുണ്ടെന്ന് സമ്മതിച്ച സതീഷ് മദ്യലഹരിയിൽ സംഭവിച്ചതാണെന്നും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സതീഷിനെതിരെ കൊലക്കുറ്റം, ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധന നിയമം അടക്കം ചുമത്തി ചവറ പൊലീസ് കേസെടുത്തിരുന്നു
അതുല്യയുടെ മരണത്തിൽ സതീഷിന് പങ്കുണ്ടെന്ന് കാണിച്ച് സഹോദരി അഖില നൽകിയ പരാതിയിൽ ഷാർജ പൊലീസും അന്വേഷണം നടത്തിയിരുന്നു. പിന്നാലെയാണ് ഫോറൻസിക് പരിശോധനയിൽ അതുല്യയുടേത് ആത്മഹത്യ തന്നെയെന്നാണ് വ്യക്തമായത്.